ടെല്‍ അവീവ്: വെസ്റ്റ് ബാങ്ക് പട്ടണമായ ഹുവാരയില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ യുഎസ് മുന്‍ നാവികന് വെടിയേറ്റു. ഇറ്റാമര്‍ സെറ്റില്‍മെന്‍റില്‍ നിന്നുള്ള ഡേവിഡ് സ്റ്റേണ്‍ എന്ന 40കാരനാണ് വെടിയേറ്റത്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെപ്പണ്‍ ഇന്‍സ്‌ട്രക്‌ടറായി ജോലി ചെയ്‌തിരുന്ന ആളാണ് ഡേവിഡ് സ്റ്റേണ്‍.
ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്ത തോക്കുധാരിയെ പിടികൂടി. പലസ്‌തീന്‍ നാബ്ലസ് സ്വദേശിയായ ലൈത്ത് നദീം നാസര്‍ എന്നയാണ് ഡേവിഡ് സ്റ്റേണിന് നേരെ വെടിയുതിര്‍ത്തത്. ടൈംസ് ഓഫ് ഇസ്രയേല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് അക്രമകാരിയെ ഉദ്യോഗസ്ഥര്‍ വെടിവച്ചിരുന്നു. എന്നാല്‍ ഇയാള്‍ രക്ഷപ്പെടുകയാണ് ഉണ്ടായത്.
ഇയാള്‍ ആക്രമണത്തിനായി ഉപയോഗിച്ച കാര്‍ലോ എന്ന മെഷീന്‍ തോക്ക് രക്ഷപ്പെടുന്നതിനിടെ ഉപേക്ഷിച്ചു. ഇതും ഇസ്രയേലി സൈന്യം കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഇസ്രയേല്‍ ആഭ്യന്തര സുരക്ഷ ഏജന്‍സിയായ ഷിന്‍ ബെറ്റിന് കൈമാറുന്നതിന് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
പലസ്‌തീനിന്‍റെ പടിഞ്ഞാറന്‍ തീരത്ത് ഇസ്രയേല്‍ ആക്രമണം പതിവാണ്. അതിന് പ്രതികരണമെന്നോണമാണ് പലസ്തീനികള്‍ തിരിച്ചടിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ വ്യാഴാഴ്‌ചയും ആക്രമണം ഉണ്ടായി. ആക്രമണത്തില്‍ ജെനിനില്‍ നാല് പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
കൊല്ലപ്പെട്ടവര്‍ തീവ്രവാദികള്‍ എന്ന് ഇസ്രയേല്‍: പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം. കൊല്ലപ്പെട്ട പലസ്‌തീനികള്‍ തീവ്രവാദ സംഘടനയുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി ഇസ്രയേല്‍ സുരക്ഷ സേന അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി സംശയിക്കുന്ന പലസ്‌തീന്‍ ജിഹാദ് ഭീകര സംഘടനയുടെ രണ്ട് പ്രവര്‍ത്തകരെ തങ്ങള്‍ വധിച്ചതായി ഇസ്രയേല്‍ സുരക്ഷ സേന പ്രസ്‌താവനയില്‍ പറയുകയുണ്ടായി.
ഇരുമ്പ് പാര പോലുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ഒരാളെയും തങ്ങള്‍ വധിച്ചതായി സേന പറഞ്ഞു. ആക്രമണ സമയത്ത് തോക്കുമായെത്തിയ ആളുകള്‍ സൈന്യത്തിന് നേരെയും വെടിയുതിര്‍ക്കുകയുണ്ടായി.
അതേസമയം ജെനിനില്‍ കൊല്ലപ്പെട്ട നാലു പേരില്‍ രണ്ട് പേര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് ഹമാസ് അറിയിച്ചു. 'പ്രവര്‍ത്തകരുടെ മരണത്തില്‍ ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ല. അധിനിവേശം മുമ്പും ഞങ്ങള്‍ കണ്ടിട്ടുണ്ട്. വിമോചനം വരെ ചെറുത്തു നില്‍പ്പ് തുടരും', ഹമാസ് പ്രസ്‌താവനയില്‍ പറഞ്ഞു.
പലസ്‌തീനിലെ സുന്നി ഇസ്‌ലാമിക് പ്രവര്‍ത്തകരുടെയും ദേശീയവാദികളുടെയും സംഘടനയാണ് ഹമാസ്. ഫത്തഹ് ഉദ്യോഗസ്ഥരെ നീക്കം ചെയ്‌തു കൊണ്ട് ഗസയിലെ നിയന്ത്രണം ഇവര്‍ ഏറ്റെടുക്കുകയുണ്ടായി. പലസ്‌തീന്‍ അധീനതയില്‍ ഉണ്ടായിരുന്ന വെസ്‌റ്റ് ബാങ്കും ഹമാസ് അധീനതയില്‍ ഉണ്ടായിരുന്ന ഗസയും അധികാരത്തിന്‍റെ രണ്ട് ധ്രുവങ്ങളായി മാറുകയായിരുന്നു.
വിമോചനത്തിനായി തോക്കെടുത്ത് യുവാക്കള്‍: മാര്‍ച്ച് രണ്ടാംവാരം വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സുരക്ഷ സേന നടത്തിയ റെയ്‌ഡിന് പിന്നാലെ വെടിവയ്‌പ്പ് ഉണ്ടായിരുന്നു. മൂന്ന് പലസ്‌തീനികള്‍ വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പലസ്‌തീനിലെ ജബ ഗ്രാമത്തില്‍ ഒരുകൂട്ടം യുവാക്കള്‍ സംഘടിച്ചിരുന്നു. വെസ്‌റ്റ് ബാങ്കിന്‍റെ വിവിധ മേഖലകളില്‍ ഉയര്‍ന്നു വന്നിട്ടുള്ള സായുധ സംഘങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് യുവാക്കള്‍ സംഘടിച്ചത്. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാതെയാണ് ഇവരുടെ പ്രവര്‍ത്തനം.
കഴിഞ്ഞ വര്‍ഷവും പലസ്‌തീനില്‍ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. 2022ല്‍ മാത്രം 21 പലസ്‌തീനികളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍, പലസ്‌തീന്‍ ഏറ്റുമുട്ടലിന്‍റെ 2002 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ 2022ലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്‌തത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സൈനികരായിരുന്നു എന്ന വാദവുമായി ഇസ്രയേല്‍ രംഗത്ത് വന്നെങ്കിലും സാധാരണക്കാരും കുട്ടികളും ഉള്‍പ്പെടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.