വാഷിങ്‌ടണ്‍: ഇന്ത്യയിലെ യുഎസ് അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുന്നതില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ പദവി വളരെ പ്രധാന്യമുള്ളതാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പെസ്‌കി പറഞ്ഞു. ലോസ്ആഞ്ചല്‍സ് മേയറായ എറിക് ഗാര്‍സെറ്റിയെ ഇന്ത്യന്‍ അംബാസഡറായി എട്ട് മാസം മുന്‍പ് പ്രസിഡന്‍റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്‌തിരുന്നു.
യുഎസ് ഭരണഘടനയനുസരിച്ച് അംബാസഡര്‍ പദവിയിലേക്ക് പ്രസിഡന്‍റ് നാമനിര്‍ദേശം ചെയ്യുന്ന വ്യക്തിക്ക് യുഎസ് കോണ്‍ഗ്രസിന്‍റെ ഉപരിസഭയായ സെനറ്റിന്‍റെ അംഗീകാരം വേണം. എന്നാല്‍ നിലവില്‍ എറിക് ഗാര്‍സെറ്റിക് അനുകൂലമായി സെനറ്റില്‍ ഭൂരിപക്ഷമില്ല. ഗാര്‍സെറ്റിയുടെ ഉപദേഷ്‌ടാവിനെതിരെ ലൈംഗിക ആക്രമണ ആരോപണത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ഗാര്‍സെറ്റിയുടെ നാമനിര്‍ദേശം പിന്‍വലിച്ചേക്കും:ഈ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എറിക് ഗാര്‍സെറ്റിയുടെ നാമനിര്‍ദേശത്തില്‍ തീരുമാനമെടുക്കരുതെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ തീരുമാനം. ഇതാണ് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ നിയമനം വൈകാന്‍ കാരണം. യുഎസ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ പ്രതിനിധികരിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം ഇന്ത്യയിലെ യുഎസ് അംബാസഡറെന്നും ഗാര്‍സെറ്റിയുടെ ഉപദേഷ്‌ടാവിനെതിരെയുള്ള ലൈഗികാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍റെ നാമനിര്‍ദേശം അംഗീകരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ സമയം സെനറ്റിന് വേണമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചാള്‍സ് ഗ്രസലി സെനറ്റ് മൈനോരിറ്റി ലീഡര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.
റഷ്യക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദം:റഷ്യയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന് ഇന്ത്യയില്‍ അംബാസഡര്‍ ഇല്ലാത്തത് എത്രമാത്രം ദുഷ്‌കരമാക്കുമെന്ന ചോദ്യത്തിന് ഇന്ത്യയുമായി നയതന്ത്ര ആശയവിനിമയം നടത്താന്‍ പല തലത്തിലുള്ള മാര്‍ഗങ്ങള്‍ അമേരിക്കയ്ക്ക് ഉണ്ടെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു. ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് ദലീപ് സിങ്ങിന്‍റെ ഇന്ത്യന്‍ സന്ദര്‍ശനം അവര്‍ ഉദാഹരണമായി ചൂണ്ടികാട്ടി. എന്നാല്‍ തങ്ങള്‍ താല്‍പ്പര്യപ്പെടുന്നത് എത്രയും പെട്ടന്ന് ഇന്ത്യയില്‍ അമേരിക്കന്‍ അംബാസഡര്‍ ഉണ്ടാകണമെന്നാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി പറഞ്ഞു. ഗാര്‍സെറ്റിയുടെ നാമനിര്‍ദേശം പിന്‍വലിച്ച് മറ്റൊരാളെ യുഎസിന്‍റെ ഇന്ത്യന്‍ അംബാസഡറായി ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയ്‌ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ദലീപ് സിങ്ങിന്‍റെ സന്ദര്‍ശന ലക്ഷ്യം. റുപ്പി- റൂബിള്‍ ഇടപാടിലൂടെ റഷ്യയുമായി വ്യാപാരം നടത്തുന്നതില്‍ ഇന്ത്യക്ക് ദലീപ് സിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്താരാഷ്ട്ര വ്യാപരത്തില്‍ ഡോളറിന്‍റെ അപ്രമാദിത്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ദലീപ് സിങ് പ്രതികരിച്ചത്.
എന്നാല്‍ റഷ്യയില്‍ നിന്ന് റുപ്പി-റൂബിള്‍ ഇടപാടിലൂടെ കൂടുതല്‍ എണ്ണ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ടില്ലെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്. റഷ്യയില്‍ നിന്ന് കുറഞ്ഞ അളവില്‍ അസംസ്‌കൃത എണ്ണ ലഭിക്കുമ്പോള്‍ ഇന്ത്യ എന്തിന് വേണ്ടെന്ന് വെക്കണമെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.
ALSO READ:'രക്തച്ചൊരിച്ചില്‍ പരിഹാരമല്ല' ; സമാധാന പാത വീണ്ടെടുക്കണമെന്ന് യുക്രൈന്‍ വിഷയത്തില്‍ എസ് ജയ്‌ശങ്കര്‍