വാഷിങ്‌ടൺ ഡിസി: യുഎസിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിലെ പ്രതിഷേധത്തിനിടെ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് യുഎസ്. അക്രമമോ ആക്രമണ ഭീഷണിയോ സ്വീകാര്യമായ പ്രതിഷേധമല്ലെന്നും ഇത് കടുത്ത ആശങ്കയ്‌ക്ക് വക വയ്ക്കുന്നതാണെന്നും യുഎസ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. യുഎസിലെ ഖലിസ്ഥാൻ അനുകൂലികൾ കഴിഞ്ഞ ശനിയാഴ്‌ച നടത്തിയ പ്രതിഷേധത്തിനിടയിൽ ഇന്ത്യൻ എംബസിയേയും യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സിന്ധുവിനെയും ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കൻ സർക്കാരിന്‍റെ പ്രതികരണം.
ഇന്ത്യൻ എംബസിക്ക് നേരെ നടന്ന പ്രതിഷേധ റാലിക്കിടയിൽ ഒരു പ്രതിഷേധക്കാരൻ തന്‍റെ പ്രസംഗത്തിൽ അംബാസഡറോട് നേരിട്ട് ഭീഷണി മുഴക്കുകയായിരുന്നു. കാപട്യം അവസാനിപ്പിക്കുകയും 1994ൽ ഇന്ത്യയുടെ മുൻ പ്രസിഡന്‍റ് സെയിൽ സിങ് നേരിട്ടതിന് സമാനമായ വിധിയാണ് അംബാസഡർക്ക് നേരിടേണ്ടി വരികയെന്നും ഭീഷണിപ്പെടുത്തി. പഞ്ചാബിലെ റോപ്പർ ജില്ലയിലെ കിരാത്പൂർ സാഹിബിൽ വെച്ച് കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ സെയ്‌ൽ സിങിന് ഗുരുതരമായി പരിക്കേൽക്കുകയും ചികിത്സയിലിരിക്കെ മരണത്തിന് കീഴടുങ്ങുകയായിരുന്നു. അമേരിക്കയിലെ നയതന്ത്ര സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെയുള്ള അക്രമമോ അക്രമ ഭീഷണിയോ ഗുരുതരമായ ആശങ്കയാണ് സൃഷ്‌ടിക്കുന്നത്, അത് വച്ചുപൊറുപ്പിക്കില്ലെന്നും യുഎസ് വക്താവ് എഎൻഐയോട് പറഞ്ഞു.
ഇന്ത്യൻ എംബസിക്കും സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റിനും പുറത്ത് ഖലിസ്ഥാൻ അനുയായികളുടെ പ്രതിഷേധ പ്രകടനങ്ങൾ പലതവണ നടന്നിട്ടുണ്ട്. മാർച്ച് 20ന് സാൻഫ്രാൻസിസ്‌കോ കോൺസുലേറ്റ് അക്രമിക്കപ്പെട്ടിരുന്നു. ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ കോൺസുലേറ്റിന് പുറത്ത് ഒത്തുകൂടുകയും അമൃത്പാലിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അമേരിക്കയിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിനിടെ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളെ അമേരിക്കൻ സർക്കാർ അപലപിക്കുന്നു. പ്രതിഷേധക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന ഭേദഗതിയെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും അക്രമമോ അക്രമ ഭീഷണിയോ ഒരിക്കലും സ്വീകാര്യമായ ഒരു പ്രതിഷേധമല്ലെന്നും യുഎസ് സർക്കാർ വാക്താവ് വ്യക്തമാക്കി.