വാഷിങ്ടണ്‍:പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഖുറാന്‍ അവഹേളനത്തിന് മറുപടിയായി ക്രിസ്‌ത്യ പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎസ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുണ്ടായ ആരോപണങ്ങളിലും പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും അന്വേഷണം നടത്താന്‍ പാകിസ്ഥാന്‍ ഭരണകൂടത്തോട് യുഎസ് ആവശ്യപ്പെട്ടു. ആരോപണങ്ങള്‍ക്ക് പിന്നാലെയുണ്ടാകുന്ന അക്രമമോ ഭീഷണികളോ പ്രായോഗികമല്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്ന ആരോപണത്തിന് പിന്നാലെ ഫൈസലാബാദ് ജരന്‍വാലയില്‍ ഒന്നിലധികം പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ആശങ്ക പ്രകടിപ്പിച്ച് യുഎസ് എത്തിയത്.
പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഖുര്‍ആന്‍ അവഹേളത്തിന് മറുപടിയായി പള്ളികളും വീടുകളും ആക്രമിച്ചതില്‍ തങ്ങള്‍ ഏറെ ആശങ്കാകുലരാണെന്നും എല്ലാവരുടെയും മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും തങ്ങള്‍ പിന്തുണയ്‌ക്കുന്നുവെന്നും വേദാന്ത് പട്ടേൽ പറഞ്ഞു. വിഷയത്തില്‍ പൂര്‍ണമായും അന്വേഷണം നടത്തണമെന്നും ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നോക്കുകുത്തികളായെന്ന് ആരോപണം: ഫൈസലാബാദ് ജരന്‍വാലയില്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് നോക്കുകുത്തികളായി നിന്നുവെന്നും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും ക്രിസ്‌ത്യന്‍ നേതാക്കള്‍ ആരോപിച്ചു. ക്രിസ്‌ത്യാനികള്‍ ഏറെ പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചർച്ച് ഓഫ് പാകിസ്ഥാൻ പ്രസിഡന്റ് ബിഷപ് ആസാദ് മാർഷൽ പറഞ്ഞു. തങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊരുതുകയാണെന്നും ബിഷപ് ആസാദ് മാർഷൽ പറഞ്ഞു. രാജ്യത്ത് തങ്ങള്‍ക്ക് സുരക്ഷ വേണമെന്നും മാതൃ രാജ്യത്തിന് സമാധാനപരമായി ജീവിക്കാനുള്ള അവസരം ഒരുക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.