സാൻഫ്രാൻസിസ്‌കോ :എക്‌സ് സിഇഒ ഇലോൺ മസ്‌കിനെ വിമർശിച്ച് വൈറ്റ് ഹൗസ് (White House slams Elon Musk). വംശീയ വിദ്വേഷവും മതവിരുദ്ധതയും (antisemitism and racist hate) വളർത്തുന്നുവെന്നാണ് മസ്‌കിനെതിരായ വിമർശനം. ഇതിന് പിന്നാലെ ആപ്പിൾ ഉൾപ്പടെ നിരവധി അമേരിക്കൽ കമ്പനികൾ എക്‌സിൽ നിന്നും പരസ്യങ്ങൾ പിൻവലിച്ചു (US companies pull out ads from X).
ജൂതന്മാർ വെള്ളക്കാർക്കെതിരെ വിദ്വേഷം വളർത്തുന്നുവെന്ന് എക്‌സിൽ ഒരു ഉപഭോക്താവ് എഴുതിയ പോസ്‌റ്റിനെ പന്തുണച്ച മസ്‌ക് അത് സത്യമാണെന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ, പാശ്ചാത്യ രാജ്യങ്ങളിലെ വെള്ളക്കാരുടെ ഭൂരിപക്ഷം കുറയ്‌ക്കുന്നതിന് ന്യൂനപക്ഷമായ ജൂതന്മാർ ശ്രമിക്കുന്നുവെന്ന് വാദിക്കുന്ന യഹൂദവിരോധ ഗൂഢാലോചന സിദ്ധാന്തം പലപ്പോഴും വിദ്വേഷ സംഘടനകൾ ഉയർത്തിക്കൊണ്ടുവരാറുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ആൻഡ്രൂ ബേറ്റ്‌സ് പറഞ്ഞു. ഇത്തരത്തിൽ യഹൂദവിരുദ്ധ പ്രവർത്തനത്തിന് പിന്നിലെ നികൃഷ്‌ടമായ നുണകൾ അംഗീകരിക്കാനാകില്ല.
പിറ്റ്‌സ്‌ബർഗ് സിനഗോഗ് വെടിവയ്‌പ്പിൽ മരണപ്പെട്ടവരെ അനുസ്‌മരിച്ച് യുഎസ് പ്രസിഡന്‍റ് ബൈഡൻ, ഒക്‌ടോബർ ഏഴിലെ സംഭവം യഹൂദവിരുദ്ധതയുടെ വേദനാജനകമായ നിമിഷങ്ങൾ ഓർമപ്പെടുത്തുന്നതായും യഹൂദവിരുദ്ധത അപലപിക്കുന്നത് തുടരുമെന്നും ആഴ്‌ചകൾക്ക് മുൻപ് പറഞ്ഞിരുന്നു. അമേരിക്കക്കാരുടെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമായ യഹൂദവിരുദ്ധത, വംശീയ വിദ്വേഷം എന്നിവയെ തങ്ങൾ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ഇത്തരം സംഭവങ്ങളെ എതിർക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്നും അമേരിക്കക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുന്നവർക്കെതിരെ ശബ്‌ദമുയർത്താനുള്ള ബാധ്യതയുണ്ടെന്നും ആൻഡ്രൂ ബേറ്റ്‌സ് കൂട്ടിച്ചേർത്തു.
മസ്‌കിന്‍റെ പ്രവൃത്തിയിൽ പ്രതിഷേധിച്ച് ആപ്പിൾ, ഒറാക്കിൾ, എൻബിസി യൂണിവേഴ്‌സലിന്‍റെ ബ്രാവോ നെറ്റ്‌വർക്ക്, കോംകാസ്റ്റ് എന്നിങ്ങനെ നിരവധി പ്രമുഖ അമേരിക്കൻ കമ്പനികളാണ് എക്‌സിൽ നിന്നും തങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചത്. വിദ്വേഷ പ്രസംഗവും വിവേചനവും അംഗീകരിക്കാനാകില്ലെന്നാണ് നടപടിയിൽ കമ്പനികളുടെ പ്രതികരണം.
ഹമാസ് അനുകൂല അക്കൗണ്ടുകൾ നീക്കം ചെയ്‌തു : അതേസമയം, അടുത്തിയ ഹമാസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കുന്ന നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ മസ്‌ക് എക്‌സിൽ നിന്നും നീക്കം ചെയ്‌തിരുന്നു. എക്‌സ് വഴി വിദ്വേഷജനകമായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നടപടി. 3000 ത്തോളം അക്കൗണ്ടുകളാണ് എക്‌സിൽ നിന്നും നീക്കം ചെയ്‌തത്. കൂടാതെ നിരവധി അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയും പല പോസ്‌റ്റുകളും നീക്കം ചെയ്യുകയും ചെയ്‌തിരുന്നു.