അറ്റ്‌ലാന്‍റിക് സിറ്റി (യുഎസ്) : യുഎസിലെ കാസിനോകൾ ഈ വർഷം ജൂലൈയിൽ ചൂതാട്ടക്കാരിൽ നിന്ന് നേടിയത് ഏകദേശം 5.4 ബില്യണ്‍ യുഎസ് ഡോളർ വരുമാനം (US casinos make five Billion from gamblers). അമേരിക്കൻ ഗെയിമിങ് അസോസിയേഷൻ (American Gaming Association) പുറത്തുവിട്ട കണക്കുകളിലാണ് ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ വരുമാനം ഈ ജൂലൈയിൽ ലഭിച്ചതായി വ്യക്‌തമാക്കിയിട്ടുള്ളത്. 2022 ജൂലൈയേക്കാൾ ഇത്തവണ വരുമാനത്തിൽ ഏകദേശം ആറ് ശതമാനം വർധനവ് ഉണ്ടായതായാണ് അമേരിക്കൻ ഗെയിമിങ് അസോസിയേഷന്‍റെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
വ്യക്തിഗത കാസിനോ ഗെയിമുകൾ, സ്‌പോർട്‌സ് വാതുവെപ്പ്, ഇന്‍റർനെറ്റ് ചൂതാട്ടം എന്നിവയിൽ നിന്നുള്ള വിജയങ്ങൾ ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ ഏകദേശം 38 ബില്യൺ ഡോളറിന് മുന്നിലായതിനാൽ (2022ൽ ഇതേ കാലയളവിനെക്കാൾ 11 ശതമാനം മുന്നിൽ) കാസിനോകൾക്ക് 2023 എക്കാലത്തെയും മികച്ച വർഷമായി മാറുമെന്നും അസോസിയേഷൻ അറിയിച്ചു. കൂടാതെ വ്യക്തിഗത കാസിനോ ഗെയിമുകളിൽ നിന്നുള്ള വരുമാനം 4.4 ബില്യൺ യുഎസ് ഡോളറാണെന്നും ഇത് പുതിയ പ്രതിമാസ റെക്കോഡാണെന്നും അമേരിക്കൻ ഗെയിമിങ് അസോസിയേഷൻ വ്യക്‌തമാക്കി.
സ്‌പോർട്‌സ് ബെറ്റിങ്ങിൽ ജൂലൈയിൽ ഏകദേശം 498 മില്യണ്‍ ഡോളർ വരുമാനമാണ് നേടിയത്. ഇതിൽ കഴിഞ്ഞ വർഷത്തേക്കാൾ 28 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. കണക്റ്റിക്കട്ട്, ഡെലവെയർ, മിഷിഗൺ, ന്യൂജേഴ്‌സി, പെൻസിൽവാനിയ, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് ചൂതാട്ടത്തിൽ 481.5 മില്യണ്‍ ഡോളറാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ കഴിഞ്ഞ വർഷത്തെക്കാൾ 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.