ബ്യൂണസ് ഐറിസ് : ഫിഫ അണ്ടർ 20 ലോകകപ്പ് കിരീടം സ്വന്തമാക്കി യുറുഗ്വേ. ലാ പ്ലാറ്റയിലെ ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുറുഗ്വേ ജേതാക്കളായത്. മത്സരത്തിന്‍റെ 86-ാം മിനിട്ടിൽ ലൂസിയാനോ റോഡ്രിഗസ് നേടിയ ഗോളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരെ ആദ്യ അണ്ടർ-20 കിരീടത്തിലേക്ക് നയിച്ചത്.
ഇറ്റലി - യുറുഗ്വേ തമ്മിലുള്ള ഫൈനൽ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. മത്സരം അധിക സമയത്തേക്കും പെനാൽറ്റിയിലേക്കും നീങ്ങുമെന്ന് തോന്നിപ്പിച്ച സാഹചര്യത്തിൽ യുറുഗ്വേയുടെ രക്ഷകനായി ഉദിച്ചത് ലൂസിയാനോ റോഡ്രിഗസ് ആയിരുന്നു. നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിട്ട് മാത്രം ശേഷിക്കെ ലൂസിയാനോയുടെ ഹെഡർ ഗോളിലാണ് യുറുഗ്വേ ജേതാക്കളായത്. അണ്ടർ-20 ലോകകപ്പിൽ യൂറോപ്യൻ ടീമുകളുടെ തുടർച്ചയായ നാല് വിജയങ്ങളുടെ പരമ്പരയാണ് യുറുഗ്വേയുടെ വിജയത്തോടെ അവസാനിക്കുന്നത്.
മത്സരത്തിലുടനീളം നിരവധി അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മയാണ് യുറുഗ്വേയുടെ വിജയം അവസാന മിനിട്ടുകളിലേക്ക് നീട്ടിയത്. അതേസമയം ടൂർണമെന്‍റിൽ ഉടനീളം നിറഞ്ഞുകളിച്ച സെസാരെ കസാഡെ ഫൈനലിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതാണ് ഇറ്റലിക്ക് തിരിച്ചടിയായത്. ഏഴു ഗോളുകൾ നേടിയ സെസാരെ കസാഡെ തന്നെയാണ് ടൂർണമെന്‍റിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും സ്വന്തമാക്കിയത്. ഇറ്റലിയുടെ സെബാസ്റ്റ്യാനോ ഡെസ്പ്ലാഞ്ചസ് ഗോൾഡൻ ഗ്ലൗ പുരസ്‌കാരത്തിനും അർഹനായി.
കാലിടറി അർജന്‍റീനയും ബ്രസീലും:ഫേവറിറ്റുകളായെത്തിയ ബ്രസീൽ, അർന്‍റീന, ഇംഗ്ലണ്ട് തുടങ്ങിയ മുൻ നിര ടീമുകൾ വീണ ടൂർണമെന്‍റിൽ യുറുഗ്വേയുടെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. 1997ലും 2013ലും ഫൈനലിൽ പരാജയപ്പെട്ട യുറുഗ്വേക്ക് ഈ കിരീടം സ്വപ്‌നതുല്യമാണ്. ആതിഥേയരായ അർജന്‍റീന, ആഫ്രിക്കൻ കരുത്തരായ നൈജീരിയയോട് പരാജയപ്പെട്ടാണ് പുറത്തായത്. പ്രീ ക്വാർട്ടറിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന ടീമിന്‍റെ തോൽവി. മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ ഇബ്രാഹിം ബെജി മുഹമ്മദ്, റിൽവാനു ഹാലിരു സാർകി എന്നിവരുടെ ഗോളുകളാണ് നൈജീരയയെ ജയത്തിലെത്തിച്ചത്. ഇന്തോനേഷ്യയിൽ നിന്നും ലോകകപ്പ് അർജന്‍റീനയിലേക്ക് മാറ്റിയതോടെയായിരുന്നു ആതിഥേയരായി കളിക്കാൻ യോഗ്യത നേടിയത്.
അതേസമയം മറ്റൊരു ലാറ്റിനമേരിക്കൻ ശക്‌തികളായ ബ്രസീൽ ക്വാർട്ടറിലാണ് പുറത്തായത്. അണ്ടർ -20 ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയെത്തിയ ഇസ്രയേലിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായി കാനറികളുടെ തോൽവി. അധിക സമയത്തേക്ക് നീണ്ട മത്സരത്തിലാണ് ബ്രസീൽ വീണത്.
വിറപ്പിച്ച് ദക്ഷിണ കൊറിയ: ഇന്നലെ രാത്രി മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്നതിനായി നടത്തിയ ലൂസേഴ്‌സ് ഫൈനലിൽ ഇസ്രയേൽ, ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അരങ്ങേറ്റക്കാരായ ഇസ്രയേലിന്‍റെ വിജയം. നേരത്തെ ഇന്തോനേഷ്യയിൽ നടത്താനിരുന്ന അണ്ടർ 20 ലോകകപ്പ് ഇസ്രയേലിന്‍റെ പ്രതിനിധീകരണത്തെ ചൊല്ലിയുള്ള വിവാദത്തിൽ അർജന്‍റീനയിലേക്ക് മാറ്റുകയായിരുന്നു. ഇസ്രയേലിനെ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിനെ തുടർന്നാണ് മത്സരങ്ങൾ തുടങ്ങാൻ ഒരു മാസം മാത്രം ശേഷിക്കെ ആതിഥേയത്വം അർജന്‍റീനയ്‌ക്ക് നൽകിയത്.