ന്യൂയോര്‍ക്ക്: അഫ്‌ഗാനിസ്ഥാനിലെ എന്‍ജിഒകളില്‍ സ്‌ത്രീകളെ ജോലിയില്‍ നിന്ന് വിലക്കാനുള്ള താലിബാന്‍റെ പ്രഖ്യാപനം ഐക്യരാഷ്‌ട്ര സഭ സുരക്ഷ കൗണ്‍സിലിന്‍റെ (യു എന്‍ എസ് സി) സ്വകാര്യ യോഗം ചര്‍ച്ച ചെയ്യും. അഫ്‌ഗാന്‍ പ്രാദേശിക മാധ്യമമായ ടോളോ ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജനുവരി 13നാണ് യോഗം.
ജപ്പാന്‍, യുഎഇ രാജ്യങ്ങളാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. താലിബാൻ പ്രഖ്യാപിച്ച ഏറ്റവും പുതിയ തീരുമാനങ്ങളുടെയും മാനുഷിക സാഹചര്യത്തിലുൾപ്പെടെ അവയുടെ സ്വാധീനത്തിന്റെയും വെളിച്ചത്തിൽ ജനുവരി 13ന് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ യു എന്‍ എസ് സിയുടെ സ്വകാര്യ മീറ്റിങ് വിളിക്കാൻ യുഎഇയും ജപ്പാനും ആഹ്വാനം ചെയ്തു. ട്വിറ്ററിലൂടെ യുഎഇ വക്താവ് ശഹദ് മതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഡിസംബറിലാണ് എല്ല ദേശീയ അന്തർദേശീയ സർക്കാരിതര സംഘടനകളോടും വനിത ജീവനക്കാരുടെ ജോലികൾ അടുത്ത പ്രഖ്യാപനം വരെ താൽക്കാലികമായി നിർത്തിവയ്ക്കാൻ താലിബാന്‍ ഉത്തരവിട്ടത്. ഇതിന് പിന്നാലെ തന്നെ താലിബാന്‍റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഎന്നിലെ യുഎഇ സ്ഥിര പ്രതിനിധിയായ ലാന നുസൈബെയാണ് വിഷയത്തെ അപലപിച്ച് ആദ്യം രംഗത്തെത്തിയത്.
അഫ്‌ഗാന്‍ ജനതയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും നിലവില്‍ ലോകരാഷ്‌ട്രങ്ങളില്‍ നിന്നുള്ള മാനുഷിക സഹായം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ താലിബാന്‍ സ്വീകരിച്ചിരിക്കുന്ന ഇത്തരമൊരു നിലപാട് രാജ്യത്ത് മാനുഷിക സഹായം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസമാകുമെന്ന മുന്നറിയിപ്പും ലാന നുസൈബെ നല്‍കി. യു എ ഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം ഏകദേശം ആറ് ദശലക്ഷം ആളുകളാണ് അഫ്‌ഗാനിസ്ഥാനില്‍ പട്ടിണിയുടെ ഭീഷണി നേരിടുന്നത്.