യുഎന്‍:കഴിഞ്ഞ ഒരുമാസമായി നീണ്ടു നില്‍ക്കുന്ന ഇസ്രയേല്‍ ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടുള്ള പ്രമേയം അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ട് യുഎന്‍ രക്ഷാസമിതി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ (നവംബര്‍ 7) ചേര്‍ന്ന യോഗത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ തുടര്‍ന്നു. ഗാസയ്‌ക്ക് മേലുള്ള ഇസ്രയേല്‍ ആക്രമണം തടയുന്നതിനും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനും നടപടിയെടുക്കണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യമുന്നയിച്ചപ്പോള്‍ ഗാസയിലേക്ക് സഹായം എത്തിക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത് (Israel Hamas Conflict).
വിഷയം സംബന്ധിച്ച് രണ്ട് മണിക്കൂറിലേറെ സമയം ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഫലമായി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലെബനന്‍, സിറിയ, ഇറാഖ്, യെമന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സംഘര്‍ഷം നിര്‍ത്തലാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസയിലെ സിവിലിയന്മാര്‍ക്ക് സംരക്ഷണ ഏര്‍പ്പെടുത്തണം. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു.
ഇസ്രയേല്‍ ഹമാസ് യുദ്ധം: ഇസ്രയേല്‍ ഹമാസ് പോരാട്ടം തുടങ്ങിയിട്ട് ഇന്നത്തേക്ക് ഒരു മാസം. ഒക്‌ടോബര്‍ ഏഴിനാണ് പലസ്‌തീനിലെ ഹമാസ് സംഘം ഇസ്രയേല്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറി അപ്രതീക്ഷിത മിന്നല്‍ ആക്രമണം നടത്തിയത്. ഇതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള സമാധാനാന്തരീക്ഷം പൂര്‍ണമായും നിലച്ചു. അതിര്‍ത്തി കലാപ കലുഷിതമായി.