ന്യൂയോർക്ക്:റഷ്യ യുക്രെയ്ൻ വിടണമെന്നും യുദ്ധത്തിൽ നിന്നും പൂർണമായി പിന്തിരിയണമെന്നും സേനയെ പിൻവലിക്കാനും ആവശ്യപ്പെടുന്ന നോൺ-ബൈൻഡിങ് പ്രമേയത്തിന് ഐക്യരാഷ്‌ട്രസഭയുടെ അംഗീകാരം. 'അന്താരാഷ്ട്ര അംഗീകൃത അതിർത്തികൾക്കുള്ളിലെ യുക്രെയ്ൻ പ്രദേശത്ത് നിന്ന് റഷ്യൻ ഫെഡറേഷൻ അതിന്‍റെ എല്ലാ സൈനിക സേനകളെയും ഉടനടി പൂർണമായും നിരുപാധികമായും പിൻവലിക്കണമെന്നും ശത്രുത അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു' യുഎൻ പ്രമേയം വ്യക്തമാക്കി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ ഒന്നാം വാർഷികത്തിന്‍റെ വേളയിൽ അതിപ്രസക്തമാണ് യുഎൻ പ്രമേയം.
മൗനം വെടിയാതെ ഇന്ത്യ: പ്രമേയത്തെ 141 രാജ്യങ്ങൾ പിന്തുണച്ചു, ചൈന, ഇന്ത്യ, ഇറാൻ, ദക്ഷിണാഫ്രിക്ക തുടങ്ങി 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും റഷ്യ ഉൾപ്പെടെ ഏഴ് രാജ്യങ്ങൾ പ്രമേയത്തിനെതിരായി വോട്ട് ചെയ്യുകയും ചെയ്‌തു. റഷ്യ, ബെലാറസ്, ഉത്തര കൊറിയ, എറിത്രിയ, മാലി, നിക്കരാഗ്വ, സിറിയ എന്നീ ഏഴ് രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്‌തത്. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് ലോകരാഷ്‌ട്രങ്ങൾ റഷ്യക്കു മുകളിൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയപ്പോൾ പോലും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ നിലപാടിനെ അമേരിക്ക ഉൾപ്പെടെ സംശയത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ മൗനം. റഷ്യയാണ് ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ.
എത്രയും വേഗം സമാധാനമുണ്ടാകണമെന്ന് ആഹ്വാനം ചെയ്‌ത ഐക്യരാഷ്‌ട്ര സഭയുടെ പ്രമേയം സ്വന്തം രാജ്യത്തിനുമേലുള്ള യുക്രെയ്‌ന്‍റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും സമഗ്രതയ്ക്കുമുള്ള പിന്തുണ വീണ്ടും ഉറപ്പിച്ചു. നിലവിൽ റഷ്യ അധീനതയിലാക്കിയിരുന്ന യുക്രെയ്ൻ പ്രദേശങ്ങളുടെ മേലുള്ള അവകാശവും യുഎൻ നിരാകരിച്ചു. 75ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും നയതന്ത്രജ്ഞരും രണ്ട് ദിവസത്തെ ചർച്ചയിൽ അസംബ്‌ളിയെ അഭിസംബോധന ചെയ്‌തിരുന്നു. നിയമപരമായ സാധുത ഇല്ലെങ്കിലും ലോകരാഷ്‌ട്രീയത്തിൽ അതീവ നിർണായകമാണ് ഐക്യരാഷ്‌ട്ര സഭയുടെ നിലപാട്.
യുദ്ധം ഇരുവശത്തും പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും മുഴുവൻ നഗരങ്ങളെയും അവശിഷ്‌ടങ്ങളാക്കി മാറ്റുകയും ചെയ്‌തു, ഉയർന്ന ഭക്ഷണ-ഇന്ധന വിലയിലും വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും അതിന്‍റെ ആഘാതം ലോകമെമ്പാടും അനുഭവപ്പെട്ടു. ഉക്രേനിയക്കാർ ഞങ്ങളുടെ അനുകമ്പ മാത്രമല്ല, ഞങ്ങളുടെ പിന്തുണയും ഐക്യദാർഢ്യവും അർഹിക്കുന്നു എന്ന് പോളിഷ് വിദേശകാര്യ മന്ത്രി സിബിഗ്‌നോ റാ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു. റഷ്യയുടെ നിയമവിരുദ്ധമായ ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്‌ന്ന്‍റെ പ്രാദേശിക അഖണ്ഡത പുനഃസ്ഥാപിക്കണമെന്നും യുക്രെനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്‌തു.
ഒരു വർഷത്തിനിപ്പുറം എന്തുനേടി..?: 2022 ഫെബ്രുവരി 24-നാണ് റഷ്യൻ സൈന്യം യുക്രെയിനിൽ കടന്നുകയറിത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യൂറോപ്യൻ അധിനിവേശത്തിനായി പുടിൻ 200,000 സൈനികരെ യുക്രെയ്‌നിലേക്ക് അയച്ചു. യുക്രെയ്നെ നിരായുധീകരിക്കുക, റഷ്യൻ വിഘടനവാദികളുടെ കേന്ദ്രമായ ഡോൺബാസിലെ വംശഹത്യക്കു പകരംചോദിക്കുക, യുക്രൈൻ നാറ്റോയിൽ ചേരുന്നതു തടയുക എന്നിവയായിരുന്നു പുടിന്‍ സൈനിക നടപടിക്കായി നിരത്തിയ ന്യായങ്ങൾ. ലോകത്തിലെ രണ്ടാമത്തെ വലിയ സേനയാണ് എന്ന അവകാശ വാദവുമായി എത്തിയ റഷ്യ, യുക്രെയ്ൻ നിരുപാധികം ഉടനടി കീഴടങ്ങും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡമിർ സെലൻസ്‌കിയുടെ നേതൃത്വത്തിൽ പൊരുതി. അന്താരാഷ്‌ട്ര സമൂഹം ഉപാധികളില്ലാതെ യുക്രെയ്നൊപ്പം നിന്നു. നാസികളെന്നു പുടിൻ വിശേഷിപ്പിച്ച തീവ്ര വലത് ആശയങ്ങളുള്ള സായുധസംഘമായ യുക്രൈനിലെ അസോവ് ബറ്റാലിയൻ ഇന്ന് അസോവ് റെജിമെന്‍റായി യുദ്ധത്തിൽ റഷ്യക്കെതിരെ സജീവമാണ്.
യുക്രെയ്ൻ നാറ്റോയിൽ ചേർന്നില്ല എങ്കിലും ഒരു അംഗരാജ്യത്തിനു കിട്ടുന്ന പിന്തുണ പോലെ റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നു. ദിവസങ്ങൾ കൊണ്ട് ക്രൈമിയയും, വടക്കും കിഴക്കും തെക്കും അതിർത്തികളിലൂടെ റഷ്യ ആദ്യഘട്ടത്തിൽ കടന്നുകയറി ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തെങ്കിലും തലസ്ഥാനമായ കീവ് തൊടാൻ റഷ്യൻ പട്ടാളത്തിന് കഴിഞ്ഞില്ല. അടവ് മാറ്റുക എന്നതിനപ്പുറം പുടിന് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. റഷ്യൻ വിഘടനവാദത്തിന്‍റെ ശക്തികേന്ദമായ ഡോൺബാസിനെ സ്വതന്ത്രമാക്കാനായി പിന്നെയുള്ള യുദ്ധം. അവിടെയും ഫലം കണ്ടില്ല. ഇതിനൊപ്പം തന്നെ യുക്രെനെ മുന്നിൽ നിർത്തി റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങൾ നടത്തുന്ന കരുനീക്കമാണെന്ന് വ്യാഖ്യാനിക്കാൻ പാകത്തിൽ വീണ്ടും സംഭവങ്ങൾ ഉണ്ടായി. ഏറ്റവുമൊടുക്കം യുദ്ധത്തിന്‍റെ ഒന്നാം വാർഷികത്തിൽ യുക്രെയ്‌നിലേക്ക് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനന്‍റെ സന്ദർശനം വരെയുള്ള രാഷ്‌ട്രീയ നീക്കങ്ങൾ ഈ ആരോപണത്തിന് പിന്നിലുണ്ട്.
ഒരുവർഷത്തിനിടെ പറഞ്ഞ ലക്ഷ്യങ്ങളിലൊന്നും റഷ്യക്ക് എത്താനായില്ല എന്നതും അന്താരാഷ്‌ട്ര സമൂഹത്തിൽ നിന്നും സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ റഷ്യക്ക് വിലക്കുണ്ടായതുമാണ് ബാക്കിപത്രം. യുദ്ധത്തിന്‍റെ ഒന്നാം വാർഷികത്തിൽ യുക്രെയ്‌നിലെ സംഘർഷം സമാധാനപരമായി പരിഹരിക്കാനാണ് മോസ്കോ ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയോട് പുലർത്തുന്ന നിലപാടാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്നും പറഞ്ഞ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തന്‍റെ ശ്രമത്തെ ന്യായീകരിക്കുകയാണുണ്ടായത്. എന്നാൽ യുദ്ധത്തിൽ ജീവൻ പൊലിഞ്ഞ പതിനായിരങ്ങൾക്കും തെരുവിലാക്കപ്പെട്ട ലക്ഷക്കണക്കിന് ജീവിതങ്ങൾക്കും എണ്ണിയാലൊടുങ്ങാത്ത സാമ്പത്തിക-മൂലധന നഷ്‌ടങ്ങൾക്കും ആര് ഉത്തരം പറയുമെന്ന ചോദ്യം മാത്രം ബാക്കിയാണ്.