ലണ്ടൻ: മങ്കിപോക്‌സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. 70ലധികം രാജ്യങ്ങളിൽ മങ്കിപോക്‌സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. മങ്കിപോക്‌സ് ആഗോള അടിയന്തര പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിൽ പ്രഖ്യാപിച്ചു.
സംഘടനയുടെ അടിയന്തര സമിതിയിലെ അംഗങ്ങൾക്കിടയിൽ തീരുമാനത്തിൽ സമവായം ഇല്ലാതിരുന്നിട്ടും ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഡബ്ല്യു.എച്ച്.ഒയുടെ മേധാവി ആദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
പതിറ്റാണ്ടുകളായി മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കുരങ്ങ് വസൂരി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടായിരുന്നു. എന്നാൽ ആദ്യമായാണ് ആഫ്രിക്കയ്ക്ക് പുറത്തേക്ക് മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്യുന്നത്. മെയ് മാസത്തിൽ യൂറോപ്പിലും വടക്കേ അമേരിക്കയിലും ഉൾപ്പെടെ ധാരാളം മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
അസാധാരണമായ രോഗപ്പകർച്ച പ്രകടമാകുന്നതിനാലും രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാലും രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യം ആയതിനാലുമാണ് ഒരു രോഗത്തെ ആഗോള അടിയന്തരാവസ്ഥ ആയി പ്രഖ്യാപിക്കുന്നത്.
ഇതിനുമുൻപ് കൊവിഡ് 19 ആണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനുംമുൻപ് 2014ൽ പശ്ചിമാഫ്രിക്കയിലുണ്ടായ എബോള വൈറസ് വ്യാപനം, 2016ൽ ലാറ്റിനമേരിക്കയിൽ റിപ്പോർട്ട് ചെയ്‌ത സിക വൈറസ്, പോളിയോ നിർമാർജനം ചെയ്യാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കുരങ്ങ് വസൂരി അന്താരാഷ്‌ട്ര അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്ന് കഴിഞ്ഞ മാസം ഡബ്ല്യുഎച്ച്ഒയുടെ വിദഗ്‌ധ സമിതി അറിയിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഈ ആഴ്‌ച വീണ്ടും യോഗം ചേർന്നു. യുഎസ് സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ കണക്ക് പ്രകാരം മെയ് മുതൽ 74 രാജ്യങ്ങളിലായി 16,000ലധികം മങ്കിപോക്‌സ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ ആഫ്രിക്കയിൽ മാത്രമേ മങ്കിപോക്‌സ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളൂ. വൈറസിന്‍റെ വളരെ അപകടകരമായ വകഭേദമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്നത്.
ആഫ്രിക്കയിൽ എലി പോലുള്ള മൃഗങ്ങളിൽ നിന്നുമാണ് മനുഷ്യരിലേക്ക് മങ്കിപോക്‌സ് പടരുന്നത്. എന്നാൽ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ മൃഗങ്ങളുമായി സമ്പർക്കത്തിൽ വരാത്തതും ആഫ്രിക്കയിലേക്ക് യാത്ര ചെയ്യാത്തവർക്കുമാണ് രോഗം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
ആഫ്രിക്കയ്ക്ക് പുറത്തുള്ള കേസുകളിൽ 99% പുരുഷന്മാരിലാണെന്നും അതിൽ 98% കേസുകളും സ്വവർഗരതിക്കാരായ പുരുഷന്മാരിലാണെന്നും ലോകാരോഗ്യ സംഘടനയുടെ മുൻനിര മങ്കിപോക്‌സ് വിദഗ്‌ധനായ റൊസാമണ്ട് ലൂയിസ് പറയുന്നു. ഇപ്പോഴത്തെ വ്യാപനം കൂടുതലും ഉണ്ടായത് ഒന്നിലധികം ലൈംഗിക പങ്കാളികള്‍ ഉള്ളവരിലാണെന്നും അദ്ദേഹം പറയുന്നു.