കേരളം

kerala

ETV Bharat / international

Explained: കഖോവ്‌ക അണക്കെട്ടിന്‍റെ തകര്‍ച്ച; യുക്രെയ്‌നില്‍ സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും - യുക്രെയ്‌ന്‍

കഖോവ്‌ക അണക്കെട്ട് തകര്‍ന്ന് യുക്രെയ്‌നില്‍ വെള്ളപ്പൊക്കം ഉണ്ടായ സാഹചര്യത്തില്‍ ഏറെ ആശങ്കയിലാണ് രാജ്യം. അണക്കെട്ടിന്‍റെ തകര്‍ച്ചയ്‌ക്ക് റഷ്യന്‍ സൈന്യമാണ് കാരണം എന്നാണ് യുക്രെയ്‌ന്‍ പറയുന്നത്. എന്നാല്‍ യുക്രെയ്‌നെ കുറ്റപ്പെടുത്തുകയാണ് റഷ്യ

Ukrainian dam breach  Ukrainian dam breach what is happening  Ukrainian dam  കഖോവ്‌ക അണക്കെട്ടിന്‍റെ തകര്‍ച്ച  കഖോവ്‌ക അണക്കെട്ട്  റഷ്യ  യുക്രെയ്‌ന്‍
Ukrainian dam breach

By

Published : Jun 7, 2023, 11:09 AM IST

കീവ്: യുക്രെയ്‌നിലെ ഏറ്റവും വലിയ ജലസംഭരണിയെ താങ്ങി നിര്‍ത്തുന്ന കഖോവ്‌ക അണക്കെട്ട് തകര്‍ന്നത് ചൊവ്വാഴ്‌ച രാജ്യത്ത് ഏറെ ആശങ്ക ജനിപ്പിച്ചിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും വ്യാപകമായ നാശനഷ്‌ടവും ഉണ്ടാകുമെന്ന ഭയത്തിലായിരുന്നു കഴിഞ്ഞ ദിവസം യുക്രെയ്‌ന്‍. റഷ്യന്‍-യുക്രെയ്‌ന്‍ യുദ്ധത്തില്‍ നേരത്തെ തന്നെ തകര്‍ച്ചയുടെ വക്കിലെത്തിയ കഖോവ്‌ക നിലവില്‍ തകരാന്‍ ഇടയായ കാരണം വ്യക്തമല്ല.

തെക്ക് റഷ്യന്‍ അധിനിവേശ പ്രദേശത്ത്, ഡൈനിപ്പര്‍ നദിയിലാണ് കഖോവ്‌ക അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. റഷ്യന്‍ സൈന്യം അണക്കെട്ട് തകര്‍ക്കാന്‍ ശ്രമം നടത്തി എന്ന് യുക്രെയ്‌ന്‍ ആരോപിക്കുമ്പോള്‍ യുക്രേനിയന്‍ സൈനിക ആക്രമണത്ത കുറ്റപ്പെടുത്തുകയാണ് റഷ്യ.

എന്തുകൊണ്ട് കഖോവ്‌ക പ്രാധാന്യമര്‍ഹിക്കുന്നു: 30 മീറ്റർ ഉയരമുള്ള (98 അടി ഉയരം) അണക്കെട്ടും അനുബന്ധ ജലവൈദ്യുത നിലയവും കെർസൺ നഗരത്തിൽ നിന്ന് 70 കിലോമീറ്റർ (44 മൈൽ) കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. റഷ്യ പിടിച്ചെടുത്തതായി അവകാശപ്പെടുന്ന മേഖലയിലാണ് അണക്കെട്ട് എങ്കിലും പൂർണ നിയന്ത്രണം റഷ്യക്കല്ല. പവർ സ്റ്റേഷനോടൊപ്പം, 2014-ൽ റഷ്യ അനധികൃതമായി പിടിച്ചടക്കിയ ക്രിമിയൻ ഉപദ്വീപ് ഉൾപ്പെടെയുള്ള തെക്കൻ യുക്രെയ്‌നിലേക്ക് വൈദ്യുതി, കുടിവെള്ളം എന്നിവ നല്‍കുന്നതില്‍ ഈ അണക്കെട്ടിനുള്ള പങ്ക് വളരെ വലുതാണ്.

യുക്രെയ്‌ന്‍ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന ധാന്യങ്ങള്‍, സൂര്യകാന്തി എണ്ണ, മറ്റ് ഭക്ഷ്യ വസ്‌തുക്കള്‍ എന്നിവ ഉത്‌പാദിപ്പിക്കുന്ന വിശാലമായ കാര്‍ഷിക ഭൂമി നനച്ച് വളര്‍ത്തുന്നത് ഡൈനിപ്പര്‍ നദിയാണ്. കഖോവ്‌ക അണക്കെട്ടിന്‍റെ അവസ്ഥ പരിതാപകരമായതോടെ കാര്‍ഷിക വിളകളുടെ ഉത്‌പാദനം തടസപ്പെടുമെന്ന ആശങ്കയില്‍ യുക്രെയ്‌ന്‍ ഗോതമ്പിന്‍റെയും ധാന്യങ്ങളുടെയും വില ഉയര്‍ന്നു.

ജല സംഭരണ ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് കഖോവ്‌ക അണക്കെട്ട്. അമേരിക്കയിലെ ഗ്രേറ്റ് സാൾട്ട് ലേക്കിന് തുല്യമായ അളവിലാണ് ഈ അണക്കെട്ടിലെ ജലം. അണക്കെട്ടിന് സമീപത്തെ സപ്പോരിജിയ ആണവ നിലയത്തിലെ കൂളിങ് സംവിധാനങ്ങളും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

യുദ്ധകാലത്ത് ഡാമിന് സംഭവിച്ചതെന്ത്:യുദ്ധത്തിന്‍റെ തുടക്കം മുതൽ റഷ്യ അണക്കെട്ട് നിയന്ത്രിച്ചു പോന്നു. അണക്കെട്ടിന് മേലുള്ള ഷെല്ലാക്രണം ആരോപിച്ച് റഷ്യയും യുക്രെയ്‌നും പരസ്‌പരം പഴിചാരുക സ്ഥിരം സംഭവമായിരുന്നു. ജലനിരപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന മൂന്ന് സ്ലൂയിസ് ഗേറ്റുകൾ സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ച് റഷ്യന്‍ സൈന്യം തകര്‍ക്കാന്‍ ശ്രമിച്ചതായി യുക്രെയ്‌ന്‍ ആരോപിച്ചു. മെയ് അവസാനത്തോടെ ഗേറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്‍റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു.

ഇന്നലെ (06.06.2023) അണക്കെട്ട് തകരുന്നതിന് മുമ്പ് ജലവൈദ്യുത ഉത്പാദനം ഏറ്റവും ഉയർന്ന നിലയിലായിരുന്നു. 1950 കളിൽ നിർമിച്ച അണക്കെട്ട് പരിപാലിക്കുന്നതില്‍ റഷ്യന്‍ സൈന്യം പരാജയപ്പെട്ടു എന്നാണ് യുക്രേനിയൻ ഉദ്യോഗസ്ഥരും വിദഗ്‌ധരും പറയുന്നത്. ഒന്നുകില്‍ റഷ്യന്‍ സൈന്യം അണക്കെട്ട് മനഃപൂര്‍വം തകര്‍ത്തു. അല്ലെങ്കില്‍ വിള്ളലും കേടുപാടുകളും അവഗണിച്ച് തകര്‍ച്ചയിലേക്ക് നയിച്ചു, എന്നാണ് ഉയരുന്ന ആക്ഷേപം.

ഈ വർഷമാദ്യം, റിസർവോയറിലെ ജലനിരപ്പ് വളരെ കുറവായിരുന്നു. റഷ്യന്‍ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവ നിലയത്തിൽ യുക്രെയ്‌ന്‍ ഉരുകിപ്പോകുമെന്ന് ഭയപ്പെട്ടു. ഫെബ്രുവരി പകുതി മുതൽ ജലനിരപ്പ് ക്രമാനുഗതമായി വർധിച്ചതായാണ് വിദഗ്‌ധര്‍ നല്‍കിയ വിവരം. അണക്കെട്ടും വൈദ്യുത നിലയവും കൈകാര്യം ചെയ്യുന്ന യുക്രേനിയൻ കമ്പനി കണക്കാക്കുന്നത് റിസർവോയർ സന്തുലിതാവസ്ഥയിലെത്താനും വൻതോതിൽ വെള്ളം പുറന്തള്ളുന്നത് നിർത്താനും ഏകദേശം നാല് ദിവസമെടുക്കുമെന്നാണ്.

അപകടസാധ്യത എത്രത്തോളം:വെള്ളപ്പൊക്കം രൂക്ഷമായതോടെ, നദിയുടെ ഇരുവശങ്ങളിലുമുള്ള 80 പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ റഷ്യൻ, യുക്രേനിയൻ അധികാരികൾ ഉത്തരവിട്ടു. ഇരുവശത്തും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. റഷ്യയുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ 22,000 ത്തോളം ആളുകൾ താമസിക്കുന്നുണ്ടെന്നും യുക്രേനിയൻ അധീനതയിലുള്ള പ്രദേശത്തെ ഏറ്റവും നിർണായക മേഖലയിലാണ് 16,000 പേർ താമസിക്കുന്നതെന്നും അധികൃതർ പറയുന്നു.

കുറഞ്ഞത് 16,000 പേർക്ക് ഇതിനകം തന്നെ വീടുകൾ നഷ്‌ടപ്പെട്ടതായാണ് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറയുന്നത്. ദുരിതബാധിതർക്ക് വെള്ളവും പണവും നിയമപരവും വൈകാരികവുമായ പിന്തുണയും നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് യുഎൻ വ്യക്തമാക്കി. കെർസൺ മേഖലയിലെ ഊർജ കേന്ദ്രങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് യുക്രെയ്‌ന്‍ ഊർജ മന്ത്രാലയം അറിയിച്ചു. കെർസൺ നഗരത്തിലെ ഏകദേശം 12,000 വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം ഇതിനോടകം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

കൂടാതെ ജലവിതരണവും മുടങ്ങി. അതേസമയം സപ്പോരിജിയ ആണവനിലയം നിലവില്‍ അപകട ഭീഷണി ഉയര്‍ത്തുന്നില്ല എന്നാണ് യുക്രേനിയൻ ഓപ്പറേറ്ററും യുഎൻ ആണവോർജ ഏജൻസിയും നല്‍കുന്ന വിവരം. വന്യജീവികൾക്കും ആവാസവ്യവസ്ഥകൾക്കും സംരക്ഷണം ഒരുക്കാനുള്ള ശ്രമവും നടന്നിരുന്നു. അണക്കെട്ട് തകര്‍ന്നതിന്‍റെ ആഘാതം ഏറ്റവും ഉയര്‍ന്ന തോതില്‍ തന്നെ ആകാന്‍ സാധ്യതയുണ്ടെന്ന് ലണ്ടന്‍ കിങ്സ് കോളജിലെ ഫിസിക്കൽ ആൻഡ് എൻവയോൺമെന്‍റൽ ജിയോഗ്രഫി പ്രൊഫസറും അണക്കെട്ടുകളും ജലസംഭരണികളും നിരീക്ഷിക്കുന്ന പദ്ധതിയായ ഗ്ലോബൽ ഡാം വാച്ചിന്‍റെ സഹ നേതാവുമായ മാർക്ക് മുള്ളിഗൻ പറഞ്ഞു.

ഏഴ് പതിറ്റാണ്ടുകളായി ജലത്തെ ആശ്രയിച്ചിരുന്ന ജലസസ്യങ്ങൾക്കും വന്യജീവികൾക്കും കാര്യമായ പാരിസ്ഥിതിക നാശമുണ്ടാക്കുന്നതിനാൽ, ഭാവിയില്‍ ഈ കൂറ്റൻ ജലസംഭരണി വറ്റാന്‍ സാധ്യതയുണ്ട് എന്നും, ആഴം കുറഞ്ഞ പ്രദേശങ്ങൾ വരണ്ടുപോകാൻ പോയേക്കുമെന്നും മുള്ളിഗന്‍ പറഞ്ഞു. കരിങ്കടലിലേക്കുള്ള ശുദ്ധജലത്തിന്‍റെ ദ്രുതഗതിയിലുള്ള ഒഴുക്ക് മത്സ്യസമ്പത്തിനെയും കടലിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ വിശാലമായ പരിസ്ഥിതിയെയും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രെയ്‌ന്‍ പോരും കഖോവ്‌ക അണക്കെട്ടും:അധിനിവേശ പ്രദേശത്ത് ഒരു പ്രത്യാക്രമണം നടത്തുന്നത് തടയാൻ റഷ്യന്‍ സൈന്യം അണക്കെട്ട് നശിപ്പിച്ചതായി യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പടിഞ്ഞാറൻ തീരത്ത് റഷ്യൻ ആക്രമണം ഉണ്ടാകുന്നത് തടയാൻ യുക്രെയ്ൻ അണക്കെട്ട് തകർത്തുവെന്നാണ് റഷ്യയുടെ അവകാശവാദം.

അണക്കെട്ടിന്‍റെ നാശം ഇവയില്‍ ഒന്നും ഒതുങ്ങുന്നതല്ല. നദി മുറിച്ചു കടക്കാനുള്ള ഒരു പാലമായി കൂടി പ്രവര്‍ത്തിച്ചിരുന്ന അണക്കെട്ട് തകര്‍ന്നതോടെ മേഖലയിലെ ഗതാഗതം ദുസഹമാക്കിയിരിക്കുകയാണ്. കൂടാതെ സംഭരിച്ചിരുന്ന ജലം അമിത അളവില്‍ പുറത്തേക്ക് ഒഴുകിയത് മറ്റ് നദികള്‍ക്ക് കുറുകെയുള്ള യാത്രയും കഠിനമാക്കി.

നവംബറില്‍ യുക്രേനിയൻ സൈന്യം വിജയകരമായ പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയതിനാൽ ക്രോസിങ് ആവർത്തിച്ച് റോക്കറ്റ് ആക്രമണത്തിന് വിധേയമായി, അത് റഷ്യൻ സൈന്യത്തെ ഡൈനിപ്പര്‍ നദിക്ക് കുറുകെ പിന്നോട്ടടിപ്പിച്ചു. റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ തീരത്തിനടുത്തോട് ചേര്‍ന്നുള്ള ചെറിയ ദ്വീപുകളുടെയും നദിയുടെ ഡെൽറ്റ പ്രദേശങ്ങളുടെയും നിയന്ത്രണം നേടാൻ യുക്രെയ്ൻ സൈന്യം സ്‌കൗട്ട് ഗ്രൂപ്പുകളെ ഉപയോഗിച്ചു.

ഈ ആക്രമണത്തില്‍ വലിയ അപകട സാധ്യതതകള്‍ ഉയര്‍ന്നു എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. വിശാലമായ നദി മുറിച്ചുകടക്കുക എന്നത് യുക്രേനിയൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമായി കണക്കാക്കപ്പെട്ടിരുന്നു. മറ്റെവിടെയെങ്കിലും പ്രത്യാക്രമണം നടത്തുമെന്ന് മിക്ക നിരീക്ഷകരും പ്രതീക്ഷിച്ചു.

വെള്ളപ്പൊക്കം നദി മുറിച്ചുകടക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയെന്നും കിഴക്കന്‍ തീരത്ത് റഷ്യ മൈനുകള്‍ നിക്ഷേപിച്ച ഇടങ്ങളെ ബാധിക്കുമെന്നും യുക്രേനിയൻ മിലിട്ടറി അനലിസ്റ്റ് ഒലെഹ് ഷ്‌ദനോവ് പറഞ്ഞു. 'മൈൻഫീൽഡുകൾ വെള്ളത്തിനടിയിലായി. മൈനുകൾ ഒഴുകിപ്പോകും. അവ എവിടെയാണ് അടിയുക എന്നത് ആർക്കും അറിയില്ല' -അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details