കീവ്: റഷ്യയുമായി സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുമായി സമാധാന ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോണ്‍ കോളുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടയില്‍ പ്രയോഗിക്കുന്ന ആണവായുധങ്ങള്‍ പരിസ്ഥിതിക്ക് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുമെന്ന് നരേന്ദ്ര മോദി സെലന്‍സ്‌കിയുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇരു രാജ്യങ്ങള്‍ക്ക് ഇടയിലുള്ള സംഘര്‍ഷത്തിന് സൈനിക പരിഹാരം സാധ്യമല്ലെന്നും സമാധാനം സ്ഥാപിക്കാനായി ഇന്ത്യ ഏത് തരത്തിലുമുള്ള സംഭാവനയും നല്‍കാമെന്നും നരേന്ദ്ര മോദി വാഗ്‌ദാനം ചെയ്‌തു. കൂടാതെ പരസ്‌പരമുള്ള ശത്രുത അവസാനിപ്പിക്കാനും നയതന്ത്രത്തിന്‍റെ പാത പിന്തുടരാനും മോദി ആഹ്വാനം ചെയ്‌തു. യുക്രൈനിലെ റഷ്യൻ അധിനിവേശ പ്രദേശങ്ങളായ ലുഹാൻസ്‌ക്, ഡൊനെറ്റ്സ്‌ക്, സപ്പോരിജിയ, കെർസൺ എന്നിവിടങ്ങളിലെ ജനഹിതപരിശോധനകളോട് പ്രതികരിച്ച സെലെൻസ്‌കി, യുക്രൈന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കാം എന്നുള്ള പുട്ടിന്‍റെ തീരുമാനം സാധ്യമാകില്ലെന്ന് അഭിപ്രായപ്പെട്ടു.
റഷ്യൻ ഫെഡറേഷന്‍റെ നിലവിലെ പ്രസിഡന്‍റുമായി യുക്രൈന്‍ ഒരു ചർച്ചയ്‌ക്ക് തയ്യാറല്ലെന്ന് സെലെൻസ്‌കി ആവര്‍ത്തിച്ചു പറഞ്ഞു. ചര്‍ച്ചയിലൂടെ സമാധാനപരമായ ഒത്തുതീർപ്പിന് രാജ്യം എപ്പോഴും തയ്യാറാണ്. എന്നാല്‍, ആരംഭഘട്ടത്തില്‍ റഷ്യ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറല്ലായിരുന്നു.
ഇന്ത്യയുമായി പങ്കാളിത്തം സ്ഥാപിക്കാനൊരുങ്ങി യുക്രൈന്‍: 'യുഎൻ ജനറൽ അസംബ്ലിയുടെ സെഷനിലെ എന്‍റെ പ്രസംഗത്തിൽ സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ഞാന്‍ വിശദീകരിച്ചു. സമാധാനം നേടുന്നതിനായി പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണെന്ന്' സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതക്കും വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രയത്‌നത്തെ യുക്രൈന്‍ പ്രസിഡന്‍റ് അഭിനന്ദിച്ചു. കൂടാതെ ഇപ്പോള്‍ യുദ്ധത്തിനുള്ള സമയമല്ലെന്ന ഇന്ത്യന്‍ നേതാവിന്‍റെ പ്രസ്‌താവനയോട് സെലന്‍സ്‌കി നന്ദി അറിയിക്കുകയും ചെയ്‌തു.