അങ്കാറ (തുര്‍ക്കി): തുർക്കിയിലെ ഇസ്‌താംബുളില്‍ വച്ച് യുക്രൈന്‍-റഷ്യൻ ചർച്ചയുടെ അടുത്ത ഘട്ടം നടത്താൻ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനും റഷ്യൻ പ്രസിഡന്‍റ് വ്‌ളാദ്മിർ പുടിനും സമ്മതിച്ചതായി തുർക്കി പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു. മുഖാമുഖ ചർച്ചകൾ മാർച്ച് 29-30 തിയതികളിൽ നടക്കുമെന്ന് റഷ്യന്‍ പ്രതിനിധി സംഘത്തിന്‍റെ തലവൻ വ്‌ളാദ്മിർ മെഡിൻസ്‌കി പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള സമാധാന ചർച്ചകളുടെ അടുത്ത ഘട്ടം തുർക്കിയിൽ നടക്കുമെന്ന് യുക്രൈന്‍ പ്രതിനിധി സംഘത്തിലെ അംഗം ഡേവിഡ് അരാഖാമിയ നേരത്തെ അറിയിച്ചിരുന്നു.
ഈ ആഴ്‌ച തുർക്കിയിൽ നടക്കുന്ന യുക്രൈന്‍-റഷ്യൻ ചർച്ചയില്‍ പരമാധികാരവും കൃത്യമായ അതിര്‍ത്തി നിര്‍ണയത്തിനുമായിരിയ്ക്കും മുന്‍ഗണനയെന്ന് പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സമാധാനത്തെ ഉറ്റുനോക്കുകയാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്‍റ്.