ലണ്ടൻ : യുകെയിലെ ഇംപീരിയൽ കോളജ് ഇന്ത്യൻ മാസ്റ്റേഴ്‌സ് വിദ്യാർഥികൾക്കായി പുതിയ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു. 'ഫ്യൂച്ചർ ലീഡേഴ്‌സ് സ്‌കോളർഷിപ്പ്' പ്രോഗ്രാമിന് കീഴിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കോളജ് 30 വിദ്യാർഥികളെ പിന്തുണയ്‌ക്കും. സ്‌കോളർഷിപ്പിന്‍റെ 50 ശതമാനം സംവരണം വിദ്യാർഥിനികൾക്കാണ്.
ഇംപീരിയലിന്‍റെ എൻജിനീയറിങ്, നാച്ചുറൽ സയൻസസ്, മെഡിസിൻ, ബിസിനസ് സ്‌കൂൾ എന്നീ ഫാക്കൽറ്റികളില്‍ ഉടനീളമുള്ള എംഎസ്‌സി പ്രോഗ്രാമുകളിലെ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക. അടുത്ത അധ്യയന വർഷം മുതലാണ് സ്‌കോളർഷിപ്പ് നല്‍കുക. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങിന്‍റെ ഇംപീരിയല്‍ കോളജ് സന്ദർശന വേളയിലാണ് സ്‌കോളർഷിപ്പിനെക്കുറിച്ചുള്ള പ്രഖ്യാപനം. വിദ്യാർഥികൾക്ക് ഇതിലൂടെ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.
ഇന്ത്യയും യുകെയും തമ്മിലുള്ള ടൂ-വേ മൊബിലിറ്റി സുഗമമാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് ഇംപീരിയലിന്‍റെ മുൻഗണനയാണെന്ന് ഇംപീരിയലിലെ പ്രൊഫസർ പീറ്റർ ഹെയ്‌ൻസ് പറഞ്ഞു. ഭാവിയിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 30 മെറിറ്റ് അധിഷ്‌ഠിത സ്‌കോളർഷിപ്പുകൾ നൽകുമെന്നും, ഇതിന്‍റെ ആദ്യ അപേക്ഷ റൗണ്ട് അടുത്ത അധ്യയന വർഷം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും വരും ദശകത്തിൽ യുകെ-ഇന്ത്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിൽ ഇംപീരിയൽ മുൻപന്തിയിലായിരിക്കുമെന്നും പ്രൊഫസർ വ്യക്തമാക്കി.
ഇന്ത്യയിൽ നിരവധി മേഖലകളിൽ ശാസ്ത്രം കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വളർച്ചയെക്കുറിച്ചും ജിതേന്ദ്ര സിങ് എടുത്തുപറഞ്ഞു. കേന്ദ്ര ഗവൺമെന്‍റിന്‍റെ തത്വ ശാസ്ത്ര ഉപദേഷ്‌ടാവ് പ്രൊഫസർ അജയ് കുമാർ സൂദ്, മറ്റ് ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മന്ത്രി ഇംപീരിയലിന്‍റെ ലാബുകൾ സന്ദർശിക്കുകയും ഇന്ത്യയുമായി ഇംപീരിയലിന്‍റെ വർധിച്ചുവരുന്ന ഗവേഷണ സഹകരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തു.