ദുബൈ: ജബല്‍ അലിയില്‍ നിര്‍മിച്ച പുതിയ ക്ഷേത്രം ഇന്നലെ (ഒക്‌ടോബര്‍ 4) യുഎഇ സഹിഷ്‌ണുത സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. യുഎഇയുടെയും ഇന്ത്യന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. ദസറ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ക്ഷേത്രം ഔദ്യോഗികമായി തുറന്നു കൊടുത്തത്.
നിരവധി പള്ളികളും ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയും ഉള്‍ക്കൊള്ളുന്ന ജബല്‍ അലിയിലെ 'ആരാധന ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് പുതിയ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. യുഎഇയിലെ ഏറ്റവും പഴയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിന്റെ വിപുലീകരണമാണ് ഈ ക്ഷേത്രം. 2020 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്.
ദസറ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് ഏത് മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തില്‍ 16 ദേവതകള്‍, ഗുരു ഗ്രന്ഥ സാഹിബ്, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം, മറ്റ് ഇന്‍റീരിയര്‍ വര്‍ക്കുകള്‍ എന്നിവ കാണുന്നതിനും അനുവാദം നല്‍കിയിരുന്നു. വെളുത്ത മാർബിൾ പതിച്ച ക്ഷേത്രത്തിന്‍റെ അകത്തളങ്ങള്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണെത്തിയത്.