വാഷിങ്‌ടൺ: ട്വിറ്റർ ഏറ്റെടുത്തിന് പിന്നാലെ കമ്പനിയുടെ സേവനത്തിൽ പുതിയ മാറ്റം കൊണ്ടുവരാനൊരുങ്ങി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. എല്ലാവർക്കും ഒരുപോലെ സൗജന്യമായിരുന്ന ട്വിറ്റർ സേവനങ്ങൾക്ക് സർക്കാർ, വാണിജ്യ ഉപയോക്താക്കളിൽ നിന്ന് ഇനിമുതൽ പണം ഈടാക്കേണ്ടി വരുമെന്ന സൂചനയാണ് മസ്‌ക് നൽകിയിരിക്കുന്നത്. അതേസമയം സാധാരണ ഉപയോക്താക്കൾക്ക് ട്വിറ്റർ അക്കൗണ്ട് സൗജന്യമായി ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.
മാറ്റത്തിനൊരുങ്ങി മസ്‌ക്: ഫ്രീമേസൺസ് സംഘടന തങ്ങളുടെ സേവനങ്ങൾ സൗജന്യമായി നൽകിയതാണ് അവരുടെ തകർച്ചയ്‌ക്ക് കാരണമായതെന്നും ഇലോൺ മസ്‌ക് ട്വീറ്റിൽ ചൂണ്ടിക്കാട്ടി. 'പേ-ടു-പോസ്റ്റ്' നയം നടപ്പാക്കുന്നതോടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി സംവദിക്കാൻ ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുന്ന ആദ്യ പ്രമുഖ കമ്പനിയായി ട്വിറ്റർ മാറും. മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ, ഇലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള സൂചനകൾ ഇതിനോടകം അദ്ദേഹം നൽകിയിട്ടുണ്ട്.