കേരളം

kerala

ETV Bharat / international

തുര്‍ക്കി-സിറിയ ഭൂകമ്പം: മരണം 7900 കടന്നു, അപകടത്തില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ - turkey news updates

തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7926 ആയി. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് അതിശക്തമായ മൂന്ന് ഭൂകമ്പങ്ങളുണ്ടായത്. തുര്‍ക്കിയിലെ ഗസിയാന്‍ടെപ്പിലായിരുന്നു ആദ്യം ഭൂകമ്പമുണ്ടായത്. രക്ഷപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈനികരെ നിയമിക്കും.

turkey syria earthquake  earthquake  turkey syria earthquake death  തുര്‍ക്കി സിറിയ ഭൂകമ്പം  തുര്‍ക്കി ഭൂകമ്പം  സിറിയ ഭൂകമ്പം  തെക്കന്‍ തുര്‍ക്കി  വടക്കന്‍ സിറിയ  ഒര്‍ഹാന്‍ ടാറ്റര്‍  International news updates  latest news updates  turkey news updates
ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7726 ആയി

By

Published : Feb 8, 2023, 6:37 AM IST

Updated : Feb 8, 2023, 8:54 AM IST

അങ്കാറ (തുര്‍ക്കി):തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7926 ആയി. തുര്‍ക്കിയില്‍ മാത്രം 5,894 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 34,810 പേര്‍ക്കും സിറിയയില്‍ 2600 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു.

ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സിറിയയിലും തുര്‍ക്കിയിലും ഭൂകമ്പമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് 5,775 കെട്ടിടങ്ങളാണ് തകര്‍ന്നതെന്ന് തുര്‍ക്കി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്‍റ് എജന്‍സി ജനറല്‍ ഡയറക്‌ടര്‍ ഒര്‍ഹാന്‍ ടാറ്റര്‍ പറഞ്ഞു. ഭൂകമ്പ ബാധിത മേഖലകളില്‍ രക്ഷപ്രവര്‍ത്തനം നടത്തുന്നതിനായി 7500 തുര്‍ക്കി സൈനികരെ നിയമിച്ചിട്ടുണ്ടെന്നും 1500 സൈനികരെ കൂടി രക്ഷപ്രവര്‍ത്തനത്തിനായി വിന്യസിക്കുമെന്നും തുര്‍ക്കി പ്രതിരോധ മന്ത്രി ഹുലുസി അക്കാര്‍ പറഞ്ഞു.

75 സൈനിക വിമാനങ്ങളും പടിഞ്ഞാറ് നിന്ന് ഒമ്പത് കമാന്‍ഡോ ബറ്റാലിയനുകളെയും ദുരന്ത ബാധിത മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്നും സൈപ്രസില്‍ നിന്ന് നാല് കമാന്‍ഡോ ബറ്റാലിയനുകള്‍ കൂടി മേഖലയില്‍ എത്തുമെന്നും ഹുലുസി അക്കാര്‍ പറഞ്ഞു. ദുരന്ത ബാധിത മേഖലയില്‍പ്പെട്ട 10 തെക്കന്‍ പ്രവിശ്യകളില്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി തുര്‍ക്കി പ്രസിഡന്‍റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗന്‍ ചൊവ്വാഴ്‌ച പറഞ്ഞു.

'ഭരണഘടനയുടെ ആർട്ടിക്കിൾ 119 നൽകുന്ന അധികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. അടിയന്തരാവസ്ഥയെ കുറിച്ചുള്ള പ്രസിഡൻഷ്യൽ, പാർലമെന്‍ററി നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും' തലസ്ഥാനമായ അങ്കാറയില്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കോര്‍ഡിനേഷന്‍ സെന്‍ററിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

തുര്‍ക്കി-സിറിയ ഭൂകമ്പം:തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും തിങ്കളാഴ്‌ചയാണ് ഭൂകമ്പമുണ്ടായത്. തുര്‍ക്കിയിലെ ഗസിയാന്‍ടെപ്പില്‍ പുലര്‍ച്ചയ്‌ക്ക് മുമ്പാണ് ആദ്യം ഭൂകമ്പമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനവുമുണ്ടായി. വൈകിട്ടോടെ മൂന്നാം ഭൂകമ്പവുമുണ്ടായി.

ഭൂകമ്പത്തിന് പിന്നാലെ 285 തുടര്‍ ചലനങ്ങളുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. അദാന, അഡിയമാന്‍, ദിയാര്‍ബാകിര്‍ എന്നിവിടങ്ങളിലെല്ലാം ഭൂകമ്പത്തിന്‍റെ പ്രത്യഘാതങ്ങളുണ്ടായി. സിറിയയും ലെബനനും ഉൾപ്പെടെ മേഖലയിലെ പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇരുരാജ്യങ്ങളിലുമായി 2.3 കോടി ജനങ്ങള്‍ ദുരിത ബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ 14 ലക്ഷം പേര്‍ കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. രക്ഷപ്രവര്‍ത്തനത്തിനും വൈദ്യ സഹായം ലഭ്യമാക്കുന്നതിനും ഇന്ത്യയുടെ കരസേന. ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം തന്നെ ദുരന്ത മേഖലയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ രക്ഷപ്രവര്‍ത്തകരെ തുര്‍ക്കിയിലും സിറിയയിലും എത്തിച്ചത്.

തിങ്കളാഴ്‌ചയുണ്ടായ മൂന്ന് ഭൂകമ്പങ്ങളില്‍ രണ്ടെണ്ണം ഭൂമിയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അടിയിലാണുണ്ടായത്. അതാണ് കൂടുതല്‍ നാശത്തിന് കാരണമായതെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ തന്‍റെ പ്രസ്‌താവനയില്‍ പറഞ്ഞു. വളരെ വിശാലമായ പ്രദേശത്ത് ഭൂകമ്പം വലിയ നാശനഷ്‌ടങ്ങളുണ്ടാക്കിട്ടുണ്ട്.

അതുകൊണ്ട് തന്നെ ലോകത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് തുര്‍ക്കിയും സിറിയയും അഭിമുഖീകരിക്കുന്നത്. മേഖലകളിലെ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് ദുരന്ത മേഖലകളിലെത്താന്‍ പ്രയാസമാണ്. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്‌ത് സൈനികര്‍ അടക്കമുള്ളവര്‍ രക്ഷപ്രവര്‍ത്തനത്തിന് നിസ്വാര്‍ഥമായി പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Feb 8, 2023, 8:54 AM IST

ABOUT THE AUTHOR

...view details