ഇസ്‌താംബൂള്‍ : ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലും സിറിയയിലും ആകെ മരണസംഖ്യ 37,000 കടന്നെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 31,643 പേര്‍ക്കും സിറിയയില്‍ 5,700ലധികം പേര്‍ക്കുമാണ് ജീവന്‍ നഷ്‌ടമായതെന്നാണ് വിദേശ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പടെ വിവിധ രാജ്യങ്ങളിലെ സംഘങ്ങള്‍ സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടം അവസാനത്തിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്‌ട്ര സഭ നേരത്തെ അറിയിച്ചിരുന്നു.
രക്ഷപ്പെട്ടവര്‍ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുക എന്നതിനാവും രക്ഷാപ്രവര്‍ത്തനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് യുഎന്‍ ദുരിതാശ്വാസ വിഭാഗം മേധാവി മാര്‍ട്ടിന്‍ ഗ്രിഫ്‌ത്ത്‌സ് അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഒന്നാംഘട്ടം അവസാനത്തിലേക്ക് നീങ്ങുമ്പോഴും ദുരന്ത മേഖലയില്‍ നിന്നും നിരവധി പേരെ ജീവനോടെ ഇപ്പോഴും കണ്ടെത്തുന്നുണ്ട്. ഫെബ്രുവരി ആറിന് ഭൂചലനം ഉണ്ടായി 108 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു.
കൂടാതെ, ഇതിന് പിന്നാലെ ദുരന്തത്തിന് 147 മണിക്കൂറിന് ശേഷം ഒരു 10 വയസുകാരിയേയും രക്ഷപ്പെടുത്തി. തുടര്‍ന്ന് 162 മണിക്കൂറുകള്‍ക്ക് ശേഷം കൗമാരക്കാരിയേയും ഒരു 50 വയസുകാരിയേയും ജീവനോടെ പുറത്തെടുത്തു. 175 മണിക്കൂറിന് ശേഷം കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ ഒരു സ്ത്രീയെ കണ്ടെത്തിയതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇവയെല്ലാം തന്നെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ നേട്ടമായാണ് വിലയിരുത്തപ്പെടുന്നതെന്ന് തുര്‍ക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കൊക്ക അഭിപ്രായപ്പെട്ടിരുന്നു.