അങ്കാറ: രാജ്യത്തെ തെക്കുകിഴക്കൻ പ്രവശ്യകളിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് തുർക്കിയിൽ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മരണസംഖ്യ നാലായിരം കവിഞ്ഞു. മരണം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിക്‌ടർ സ്‌കെയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഗാസിയാൻടെപ്, സാൻലിയുർഫ, ദിയാർബാകിർ, അദാന, അടിയമാൻ, മലത്യ, ഉസ്‌മാനിയ, ഹതയ്, കിലിസ് എന്നിവയുൾപ്പെടെ പ്രവിശ്യകളിൽ നിരവധി നാശനഷ്‌ടവും ആളപായവും രേഖപ്പെടുത്തിയിട്ടുണ്ട്. കഹ്‌റാമൻമാരസിലെ എൽബിസ്ഥാൻ ജില്ലയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഈ മേഖലയേയും പിടിച്ചു കുലുക്കിയിട്ടുണ്ട്.
ഭൂകമ്പത്തിൽ മൊത്തം 145 തുടർചലനങ്ങൾ ഉണ്ടായതായും 3,741 കെട്ടിടങ്ങൾ തകർന്നതായുമാണ് റിപ്പോർട്ടുകൾ. ലെബനൻ, സിറിയ എന്നിവയുൾപ്പെടെ നിരവധി അയൽ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 9700ഓളം രക്ഷാപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് തുർക്കി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്‍റ് പ്രസിഡൻസി (എഎഫ്എഡി) അറിയിച്ചു. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ ദുരന്തനിവാരണ സേനയും തുർക്കിയിലേക്ക് തിരിച്ചിട്ടുണ്ട്.