വാഷിങ്‌ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ (Republican Party candidates) സംവാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് (Donald Trump). താന്‍ ആരാണെന്നും എത്ര വിജയകരമായ പ്രസിഡൻസിയാണ് തനിക്കുളളതെന്നും പൊതുജനങ്ങൾക്ക് അറിയാം എന്ന് ട്രംപ് തന്‍റെ സോഷ്വൽ മീഡിയ സൈറ്റിലൂടെ അറിയിച്ചു. അതിനാൽ താൻ ഒരു സംവാദവും നടത്തുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുധനാഴ്‌ച (ഓഗസ്റ്റ് 23) ആണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളുടെ സംവാദം (Republican presidential primary debate).
അടുത്ത വര്‍ഷം നടക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ (US Presidential election) മത്സരിക്കാന്‍ തയ്യാറെടുക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ചാണ് സംവാദം നടക്കുക. വിസ്‌കോൻസെനിലെ മിൽവോക്കിയിൽ ഫോക്കസ് ന്യൂസ് ചാനൽ ആണ് സംവാദം സംഘടിപ്പിക്കുന്നത്. ഇതില്‍ നിന്നാണ് ട്രംപ് വിട്ടുനില്‍ക്കുന്നതായി അറിയിച്ചത്.
അതേസമയം എല്ലാ പ്രാഥമിക സംവാദങ്ങളും ബഹിഷ്‌കരിക്കാൻ താരുമാനിച്ചതായോ, അതോ നിലവിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്നവ മാത്രമാണോ ബഹിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്നത് എന്നോ അദ്ദേഹത്തിന്‍റെ വക്താവ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒന്നോ രണ്ടോ പൂജ്യമോ ശതമാനം ആളുകളെ കൊണ്ട് രാത്രി മുഴുവന്‍ ചോദ്യങ്ങള്‍ ചോദിച്ച് തന്നെ പ്രഹരമേല്‍പ്പിക്കാന്‍ താന്‍ എന്തിന് അനുവദിക്കണമെന്ന് നേരത്തെ ജൂണില്‍ ഫോക്‌സ് ന്യൂസ് അവതാരകനായ ബ്രെറ്റ് ബെയറുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
ഫോക്‌സിനെ നിരന്തരമായി വിമര്‍ശിക്കുന്ന ട്രംപ് ഓഗസ്റ്റ് 23ലെ പരിപാടിയില്‍ അവതാരകന്‍ തന്നോട് മാന്യമായി പെരുമാറില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നതായും പ്രതികരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന ചാനലാണെങ്കിലും ഫോക്‌സുമായി ട്രംപിന് നല്ല ബന്ധമല്ല ഉളളത്. എന്നാല്‍ ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന വെബ്‌സൈറ്റില്‍ പരിപാടി അവതരിപ്പിച്ചിരുന്ന മുന്‍ ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ട്രംപ് താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പാർട്ടി അനുയായികൾക്കിടയിൽ ഫോക്‌സ് നടത്തിയ അഭിപ്രായ സർവേയിൽ 53 ശതമാനം പിന്തുണയുമായി മുൻ പ്രസിഡന്‍റ് മുന്നിൽ നിൽക്കുന്നുണ്ട്.