ബീജിങ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും രാജ്യത്തെ ആഘോഷങ്ങളിലൊന്നായ ചാന്ദ്രവർഷത്തിന് മുന്നോടിയായി കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തി ചൈന. ജനുവരി 21ന് ആരംഭിച്ച് 40 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായി ഞായറാഴ്‌ച മുതലാണ് ചൈന യാത്രാ ഇളവുകൾ വരുത്തി അതിർത്തികൾ തുറന്നുകൊടുത്തത്.
കൂടാതെ മൂന്ന് വർഷം മുൻപ് അടച്ച ഹോങ്കോങ് അതിർത്തിയും ചൈന തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ ഹോങ്കോങ്ങിൽ നിന്ന് ചൈനയിലേക്കുള്ള യാത്രക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാണ്. അതേസമയം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കുള്ള നിർബന്ധിത ക്വാറന്‍റൈൻ ചൈന ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡ് നിയന്ത്രണമുണ്ടായിരുന്നതിനാൽ രാജ്യത്തെ ചാന്ദ്രവർഷ ആഘോഷങ്ങൾക്ക് മങ്ങലേറ്റിരുന്നു. കൂടാതെ കർശനമായ കൊവിഡ് നിയന്ത്രണം ചൈനയുടെ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിച്ചിരുന്നു. പിന്നാലെ ചൈനീസ് ജനത വലിയ രീതിയിൽ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം ചൈനയുടെ തീരുമാനം ഹോങ്കോങിനും ഏറെ പ്രയോജനകരമാകും. ഹോങ്കോങിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തോളമായി കരമാർഗവും കടൽ മാർഗവുമുള്ള അതിര്‍ത്തി ചെക്ക് പോസ്റ്റുകൾ അടച്ചിട്ടിരിക്കുകയായിരുന്നു. ഇത് ഹോങ്കോങിന്‍റെ ടൂറിസം, റീട്ടെയിൽ മേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. എന്നാൽ ഔണ്‍ലൈൻ മുഖേന മുൻകൂർ ബുക്ക് ചെയ്‌ത് പതിനായിരക്കണക്കിന് ആളുകൾ ഓരോ ദിവസവും അതിർത്തി കടന്നെത്തുന്നത് ഹോങ്കാങിന്‍റെ സാമ്പത്തിക മേഖലയ്‌ക്ക് വലിയ ഉത്തേജനം നൽകും.