ബോസ്റ്റണ്‍: അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ (Atlantic Ocean) കാണാതായ അന്തര്‍വാഹിനി കപ്പല്‍ ടൈറ്റന്‍ (Titan) അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച് യാത്രക്കാരും മരിച്ചതായി റിപ്പോര്‍ട്ട്. ടൈറ്റാനിക് (Titanic) കപ്പലിന്‍റെ അവശിഷ്‌ടങ്ങള്‍ക്ക് സമീപത്തായാണ് ടൈറ്റനില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടൈറ്റാനിക്കില്‍ നിന്നും 1,600 അടി അകലെ നിന്നാണ് ടൈറ്റണിന്‍റെ അവശിഷ്‌ടങ്ങള്‍ ലഭിച്ചതെന്ന് യുഎസ് കോസ്റ്റ്‌ഗാര്‍ഡ് (US Coast Guard) സ്ഥിരീകരിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.
ജൂണ്‍ 18 നായിരുന്നു ടൈറ്റന്‍ അന്തര്‍വാഹിനി കപ്പല്‍ ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ കാണാനെത്തിയ അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. യാത്ര തുടങ്ങി ഒരു മണിക്കൂര്‍ 45 മിനിറ്റ് പിന്നട്ടതിന് പിന്നാലെ കപ്പല്‍ കാണാതായി. ഇതിന് പിന്നാലെ 96 മണിക്കൂര്‍ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന ഓക്‌സിജനാണ് ടൈറ്റണില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയര്‍ അഡ്‌മിന്‍ ജോണ്‍ മൗഗര്‍ അറിയിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ വിതരണം അവസാനിക്കുന്നതിന് മുന്‍പായി അന്തര്‍വാഹിനി കപ്പല്‍ കണ്ടെത്തി യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കോസ്റ്റ്ഗാര്‍ഡ് ഉള്‍പ്പടെയുള്ള ദൗത്യസേന നടത്തി. അന്തര്‍വാഹിനി കണ്ടെത്തി യാത്രികരെ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന ശുഭാപ്‌തി വിശ്വാസത്തിലായിരുന്നു അധികൃതര്‍. എന്നാല്‍, തെരച്ചിലിനിടെ ഇന്നലെയോടെയാണ് (ജൂൺ 22) ടൈറ്റണിന്‍റെ അവശിഷ്‌ടങ്ങള്‍ ദൗത്യസേന കണ്ടെത്തിയത്.
'വിനാശകാരമായ സ്‌ഫോടനം സംഭവിച്ചിരിക്കുന്നു' എന്നായിരുന്നു അന്തര്‍വാഹിനിയുടെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ജോണ്‍ മൗഗര്‍ പറഞ്ഞത്. വടക്കന്‍ അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ടൈറ്റാനിക് കപ്പലിന്‍റെ 488 മീറ്റര്‍ അകലെ നിന്നുമാണ് അന്തര്‍വാഹിനിയുടെ അവശിഷ്‌ടങ്ങള്‍ ലഭിച്ചതെന്ന് കോസ്റ്റ്ഗാര്‍ഡും അറിയിക്കുകയായിരുന്നു.