വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം എന്ന് ശിപാര്‍ശ. 2021 ജനുവരി ആറിന് യു എസ് കാപിറ്റോളിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം എന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസപ്പെടുത്തിയതിനും യു എസ് സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും ഡൊണാള്‍ഡ് ട്രംപിനെ നിയമ നടപടിക്ക് വിധേയമാക്കണം എന്ന് ഹൗസ് പാനല്‍ ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.
ട്രംപിനെതിരെ കുറ്റം ചുമത്തണോ എന്ന് തീരുമാനിക്കാൻ അധികാരമുള്ള ഫെഡറൽ പ്രോസിക്യൂട്ടർമാർ നേരത്തെ തന്നെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളതിനാൽ കമ്മിറ്റിയുടെ ഈ റഫറലുകൾക്ക് നിയമപരമായി പ്രാധാന്യമില്ല. സംഭവത്തിൽ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ള അഭിഭാഷകൻ ജാക്ക് സ്‌മിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഔദ്യോഗിക നടപടിയ്‌ക്ക് തടസം നിൽക്കൽ: 2021 ജനുവരി ആറിന് നടന്ന കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തിലെ നടപടി ക്രമങ്ങൾക്ക് തടസം നിന്നതായാണ് കമ്മിറ്റി ഈ ആരോപണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നേ ദിവസമാണ് തെരഞ്ഞെടുപ്പിന്‍റെ ഇലക്‌ടറൽ വോട്ടുകൾ എണ്ണുകയും ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനെ നിയമാനുസൃത വിജയിയായി തെരഞ്ഞെടുക്കുകയും ചെയ്‌തത്. കോൺഗ്രസ് യോഗം ചേരുന്ന ദിവസം ട്രംപ് തന്‍റെ അനുയായികളെ വാഷിങ്ടണിലേക്ക് വിളിച്ചുവരുത്തി വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിൻ വോട്ടുകൾ എണ്ണുന്നത് തടയാനുള്ള പ്രചരണം നടത്തുകയും അതുവഴി ഔദ്യോഗിക നചപടിക്രമങ്ങൾ തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്ന് കമ്മിറ്റി ആരോപിച്ചു.
തന്‍റെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥരെ ട്രംപ് എങ്ങനെ സ്വാധീനിച്ചുവെന്നും കമ്മിറ്റി ജസ്‌റ്റിസ് ഡിപ്പാർട്ട്‌മൊന്‍റിനെ അറിയിച്ചു. ട്രംപിനെ അധികാരത്തിൽ നിലനിർത്താൻ സഹായിക്കുന്നതിനുള്ള നിയമപരമായ നീക്കങ്ങൾ ആസൂത്രണം ചെയ്‌തെന്ന കുറ്റത്തിന് കൺസർവേറ്റീവ് അഭിഭാഷകനായ ജോൺ ഈസ്റ്റ്‌മനെയും പാനൽ ഇതേ നിയമപ്രകാരം പ്രോസിക്യൂഷന് റഫർ ചെയ്‌തു.