ലോസ് ഏഞ്ചല്‍സ്: ഒട്ടേറെ പുതുമകളുമായാണ് 94 -ാമത് ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങ് നടന്നത്. അതിനൊപ്പം മറ്റൊരു ചരിത്ര നിമിഷത്തിനും ഡോള്‍ബി തിയേറ്റര്‍ സാക്ഷിയായി. 50 വര്‍ഷം മുമ്പ് തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച, എക്കാലത്തേയും ക്ലാസിക് സിനിമകളിലൊന്നായ ദ് ഗോഡ്‌ഫാദറിന് ഓസ്‌കറിന്‍റെ ആദരം. ചിത്രത്തിന്‍റെ സംവിധായകന്‍ ഫ്രാന്‍സിസ് ഫോഡ് കപ്പോള, നടന്മാരായ അല്‍ പാച്ചിനോ, റോബര്‍ട്ട് ഡി നിറോ എന്നിവരെ അവതാരകനായ പഫ് ഡാഡിയാണ് (സീന്‍ കോമ്പ്‌സ്) വേദിയിലേക്ക് ക്ഷണിച്ചത്.
വർഷങ്ങൾക്ക് മുമ്പ് 'ദ് ഗോഡ്‌ഫാദര്‍' യാഥാർഥ്യമാക്കിയ ഇതിഹാസ വ്യക്തിത്വങ്ങളെ 82കാരനായ കപ്പോള പ്രശംസിച്ചു. ഗോഡ്‌ഫാദര്‍ നോവല്‍ ത്രയത്തിന്‍റെ രചയിതാവ് മരിയോ പുസോയ്ക്കും അന്തരിച്ച ചിത്രത്തിന്‍റെ നിർമാതാവ് റോബർട്ട് ഇവാൻസിനും വിഖ്യാത സംവിധായകന്‍ നന്ദി പ്രകടിപ്പിച്ചു.
'ഇതുപോലുള്ള നിമിഷങ്ങൾ ആത്മാർഥവും ഹ്രസ്വവുമാകണം. നിങ്ങള്‍ക്കൊപ്പം ഈ സന്തോഷം പങ്കിടാന്‍ എന്നെ സഹായിച്ച എന്‍റെ സുഹൃത്തുക്കളോട് ഞാന്‍ നന്ദിയുള്ളവനാണ്' അല്‍ പാച്ചിനോയേയും റോബര്‍ട്ട് ഡി നിറോയെയും ഉദ്ദേശിച്ച് കപ്പോള പറഞ്ഞു. റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈന് പിന്തുണ അറിയിച്ചുകൊണ്ടാണ് കപ്പോള തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
1972 മാര്‍ച്ച് 14ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. വീറ്റോ കോര്‍ലിയോണി എന്ന ഇറ്റാലിയന്‍ മാഫിയ തലവന്‍റെയും കുടുംബത്തിന്‍റേയും കഥ പറഞ്ഞ ചിത്രത്തില്‍, വീറ്റോ കോര്‍ലിയോണിയെ അവതരിപ്പിച്ചത് വിഖ്യാത നടന്‍ മര്‍ലന്‍ ബ്രാന്‍ഡോയാണ്. മൂന്ന് ഭാഗങ്ങളായി ഇറങ്ങിയ 'ദ് ഗോഡ്‌ഫാദർ' സിനിമ ആസ്വദകര്‍ക്ക് ഇന്നുമൊരു റഫറന്‍സാണ്.
Also read: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച് വില്‍ സ്‌മിത്ത്; മാപ്പ് പറഞ്ഞ് താരം