ന്യൂഡല്‍ഹി:ഭൂചലനം വിനാശം വിതച്ച തുര്‍ക്കിയില്‍ ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യസംഘം എത്തി. ഇന്ന് പുലര്‍ച്ചയോടെ ഗാസിയാബാദില്‍ നിന്നും പുറപ്പെട്ട വ്യോമസേനയുടെ വിമാനം തുര്‍ക്കിയിലെ അദാനയില്‍ എത്തിച്ചേര്‍ന്നതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ (എൻഡിആർഎഫ്) 50 ലധികം ഉദ്യോഗസ്ഥരും പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ്, മെഡിക്കൽ സപ്ലൈസ്, ഡ്രില്ലിംഗ് മെഷീനുകൾ, സഹായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങൾ എന്നിവയാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ തുര്‍ക്കിയിലെത്തിയത്.
അതേസമയം, ഇന്ത്യന്‍ രക്ഷാദൗത്യ സേനയുടെ രണ്ടാം സംഘവും തുര്‍ക്കിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി ട്വിറ്ററിലൂടെ അറിയിച്ചു. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിത ബാധിത രാജ്യങ്ങള്‍ക്കായി സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദ്യ ബാച്ച് ഇന്ത്യയില്‍ നിന്നും ഇന്ന് പുലര്‍ച്ചയോടെ യാത്ര തിരിച്ചത്. ഭൂകമ്പത്തില്‍ ജനജീവിതം താറുമാറായ തുര്‍ക്കിയെ സഹായിക്കാന്‍ നിരവധി ലോകരാഷ്‌ട്രങ്ങളും രംഗത്തെത്തിയിട്ടുണ്ട്.