ഭുവനേശ്വര്‍ : ഡിസംബര്‍ 25ന് ഒഡിഷയിലെ ആഡംബര ഹോട്ടലില്‍ നിന്ന് വീണ് റഷ്യന്‍ നിയമസഭാംഗവും പുടിന്‍ വിമര്‍ശകനും വ്യവസായിയുമായ പവല്‍ ആന്‍റോവ് മരിച്ച സംഭവത്തില്‍ ദുരൂഹത. ആന്‍റോവിന്‍റെ മരണം ആത്‌മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മരണം കൊലപാതകമാണെന്ന തരത്തില്‍ ചര്‍ച്ചകളും സംശയങ്ങളും ഉയരുകയാണ്.
ഡിസംബര്‍ 22ന് ആന്‍റോവിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വ്ളാദിമിര്‍ ബിഡെനോവും മരിച്ചിരുന്നു. ഹോട്ടലില്‍ വച്ച് ആരോഗ്യനില മോശമായ ബിഡെനോവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് ആന്‍റോവിന്‍റെ വിയോഗം.
കോടീശ്വരനായ ആന്‍റോവ് തന്‍റെ 66-ാം ജന്മദിനം ആഘോഷിക്കുന്നതിനാണ് ഒഡിഷയിലെ രായഗഡയിലെ ഹോട്ടലില്‍ എത്തിയത്. ഹോട്ടലിന്‍റെ മൂന്നാം നിലയിലെ ജനലിലൂടെ വീണ് മരിച്ച നിലയിലാണ് ആന്‍റോവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആന്‍റോവിനും ബിഡെനോവിനും ഒപ്പം ദമ്പതികളായ മിഖായേൽ ടുറോവ്, നതാലിയ പനാസെങ്കോ എന്നിവരും ഉണ്ടായിരുന്നു.
നാലുപേരും സുഹൃത്തുക്കളാണ്. ഡിസംബര്‍ 21 ന് നാലുപേരും കാണ്ഡമാല്‍ ജില്ലയിലെ ഹില്‍സ്റ്റേഷനായ ദരിംഗിബാദ് സന്ദര്‍ശിച്ചിരുന്നു. പിന്നീടാണ് രായഗഡയിലേക്ക് സംഘം എത്തിയത്. ഹോട്ടലില്‍ ആന്‍റോവും ബിഡെനോവും ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്.
പിറ്റേ ദിവസം ഹോട്ടലില്‍ വച്ച് ബിഡെനോവിന്‍റെ ആരോഗ്യ സ്ഥിതി വഷളാവുകയും ആശുപത്രിയില്‍ വച്ച് അദ്ദേഹം മരിക്കുകയുമായിരുന്നു. ബിഡെനോവിന്‍റെ മരണം പൊലീസ് ന്യഡല്‍ഹിയിലെ റഷ്യന്‍ എംബസിയെ അറിയിച്ചെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബത്തിന് രായഗഡയില്‍ എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒഡിഷയില്‍ തന്നെ ബിഡെനോവിന്‍റെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തി.
ആത്‌മഹത്യയെന്ന് പ്രാഥമിക നിഗമനം : സുഹൃത്തിന്‍റെ മരണം താങ്ങാനാകാതെ ആന്‍റോവ് ആത്‌മഹത്യ ചെയ്‌തതാണെന്ന വാദം നിലനില്‍ക്കുന്നുണ്ട്. 'ഡിസംബർ 21 ന് രായഗഡയിലെ ഒരു ഹോട്ടലിൽ താമസിക്കാൻ നാലു പേർ വന്നിരുന്നു. ഡിസംബർ 22 ന് രാവിലെ അവരിൽ വ്ളാദിമിര്‍ ബിഡെനോവ് എന്നയാള്‍ മരിച്ചു. പോസ്റ്റ്‌മോർട്ടത്തില്‍, ഹൃദയാഘാതം മൂലമാണ് അദ്ദേഹം മരിച്ചത് എന്ന് കണ്ടെത്തി. അദ്ദേഹത്തിന്‍റെ സംസ്‌കാരം നടത്തുകയും ചെയ്‌തു. ബിഡെനോവിന്‍റെ മരണശേഷം സുഹൃത്ത് പവൽ ആന്‍റോവ് വിഷാദത്തിലായിരുന്നു. അദ്ദേഹവും ഡിസംബർ 25 ന് മരിച്ചു' - സംഭവത്തെ കുറിച്ച് രായഗഡ എസ്‌പി വിവേകാനന്ദ ശർമ പറഞ്ഞു.
പവല്‍ ആന്‍റോവിന്‍റെ മരണത്തില്‍ റഷ്യന്‍ പാര്‍ലമെന്‍റ് വൈസ് സ്‌പീക്കര്‍ വ്യാസെസ്ലാവ് കാർതുഖിൻ അനുശോചിച്ചു. 'ഞങ്ങളുടെ സഹപ്രവർത്തകനും സംരംഭകനും മനുഷ്യസ്‌നേഹിയുമായ പവൽ ആന്‍റോവ് അന്തരിച്ചു. യുണൈറ്റഡ് റഷ്യ വിഭാഗത്തിന്‍റെ പ്രതിനിധികൾക്ക് വേണ്ടി, ഞാൻ എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു' - അദ്ദേഹം പറഞ്ഞു.
യുക്രൈന് എതിരായ റഷ്യയുടെ യുദ്ധത്തെ വിമര്‍ശിച്ചിരുന്നവരില്‍ പ്രധാനിയായിരുന്നു പവല്‍ ആന്‍റോവ്. ഈ വര്‍ഷം ആദ്യത്തില്‍ തന്‍റെ വിമര്‍ശനം ഉള്‍പ്പെടുത്തി പ്രസ്‌താവനയും ഇറക്കിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ആന്‍റോവ് പ്രസ്‌താവന പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ആരാണ് പവല്‍ ആന്‍റോവ് :മാംസ സംസ്‌കരണ പ്ലാന്‍റായ വ്ളാദിമിര്‍ സ്റ്റാൻഡേർഡിന്‍റെ സ്ഥാപകനാണ് പവൽ ആന്‍റോവ്. 2019-ലെ ഫോർബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് അദ്ദേഹത്തിന് ഏകദേശം 140 മില്യൺ ഡോളര്‍ ആസ്‌തിയുണ്ട്. ഏറ്റവും ധനികരായ റഷ്യന്‍ പാര്‍ലമെന്‍റ് അംഗങ്ങളില്‍ ഒരാളാണ് ആന്‍റോവ്. പുടിന്‍റെ പ്രധാന വിമര്‍ശകരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
2022 ജൂണിൽ കീവിലെ ഷെവ്‌ചെങ്കിവ്‌സ്‌കി ജില്ലയില്‍ ഒരു റെസിഡൻഷ്യൽ ബ്ലോക്കിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ഏഴുവയസുള്ള മകൾക്കും അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തെ രൂക്ഷമായ ഭാഷയില്‍ ആന്‍റോവ് വിമര്‍ശിച്ചിരുന്നു. 'ഇതിനെയെല്ലാം ഭീകരത എന്നല്ലാതെ മറ്റെന്തെങ്കിലും വിളിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്' - എന്നാണ് അദ്ദേഹം സംഭവത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ അദ്ദേഹം തന്‍റെ പ്രസ്‌താവന പിന്‍വലിക്കുകയും പുടിനെയും യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധത്തെയും പിന്തുണക്കുന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
2022-ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച റഷ്യൻ പൗരന്‍മാര്‍: യുക്രൈന്‍ റഷ്യ യുദ്ധം ആരംഭിച്ചതിനുശേഷം നിരവധി ഉന്നതരായ റഷ്യക്കാർ ദുരൂഹസാഹചര്യങ്ങളിൽ മരിച്ചിട്ടുണ്ട്.
- ജനുവരി 30 ന്, ഗാസ്‌പ്രോം ഇൻവെസ്റ്റിലെ ഗതാഗത വകുപ്പ് മേധാവി ലിയോനിഡ് ഷുൽമാനെ (60) ലെനിൻസ്‌കോയ് ഗ്രാമത്തിലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
- ഫെബ്രുവരി 8-ന്, ഫാർ ഈസ്റ്റ് ആൻഡ് ആർട്ടിക് വികസന കോർപറേഷന്‍റെ തലവനായ ഇഗോർ നോസോവ് 43-ാം വയസിൽ അന്തരിച്ചു. മസ്‌തിഷ്‌കാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
- ഫെബ്രുവരി 28 ന്, യുക്രൈനില്‍ ജനിച്ച ഒലിഗാർച്ച് മിഖായേൽ വാറ്റ്‌ഫോർഡിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
- ഏപ്രിൽ 19 ന്, റഷ്യൻ ഗ്യാസ് ഭീമനായ നോവാടെക്കിന്‍റെ മുൻ മാനേജര്‍ സെർജി പ്രോട്ടോസെനിയയെയും (55) ഭാര്യയെയും മകളെയും സ്പെയിനിലെ വാടക വില്ലയിൽ മരിച്ച നിലയിൽ കണ്ടെത്തി. സെർജി പ്രോട്ടോസെനിയയെ ആത്‌മഹത്യ ചെയ്‌ത നിലയിലും അദ്ദേഹത്തിന്‍റെ ഭാര്യയെയും മകളെയും കുത്തേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
- ആർട്ടിക് പ്രോജക്‌ടുകളിൽ ഗാസ്‌പ്രോമിനൊപ്പം പ്രവർത്തിച്ച ഗതാഗത കമ്പനിയായ അസ്ട്ര ഷിപ്പിങ്ങിന്‍റെ തലവനായ യൂറി വോറോനോവ് (61)നെ ജൂലൈ 4 ന് മരിച്ച നിലയിൽ കണ്ടെത്തി. സെന്‍റ് പീറ്റേഴ്‌സ്ബർഗിനടുത്തുള്ള ആഡംബര വസതിയുടെ നീന്തൽക്കുളത്തിൽ നിന്നാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്.
- സെപ്‌റ്റംബർ 1ന് റഷ്യയിലെ ലുക്കോയിൽ, ഓയിൽ ഭീമന്‍റെ ചെയർമാനായിരുന്ന രാവിൽ മഗനോവ് (67) മോസ്‌കോയിലുള്ള ഒരു ആശുപത്രിയുടെ ജനാലയിൽ നിന്ന് വീണ് മരിച്ചു.
- സെപ്റ്റംബർ 14 ന്, റഷ്യൻ പത്രമായ പ്രവ്‌ദയുടെ എഡിറ്റർ ഇൻ ചീഫ് വ്ളാദിമിര്‍ നിക്കോളയേവിച്ച് സുൻഗോർകിൻ (68) ഒരു ബിസിനസ് യാത്രയ്ക്കിടെ സ്ട്രോക്ക് ബാധിച്ച് മരിച്ചു.
- ഡിസംബർ 24 ന് ആണവ ഇതര അന്തർവാഹിനികൾ നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള റഷ്യൻ കപ്പൽശാലയായ അഡ്‌മിറൽറ്റി ഷിപ്പ്‌യാർഡിന്‍റെ ഡയറക്‌ടർ ജനറൽ അലക്‌സാണ്ടർ ബുസാക്കോവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.