തായ്‌ലൻഡ് : വടക്കുകിഴക്കൻ തായ്‌ലൻഡിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് നേരെ വ്യാഴാഴ്‌ച(ഒക്‌ടോബർ 6) നടന്ന വെടിവയ്‌പ്പില്‍ 35 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ നോങ് ബുവാ ലാംഫു പ്രവിശ്യയിലെ നാ ക്ലാങ് ജില്ലയിലാണ് നടുക്കുന്ന സംഭവം. 24 കുട്ടികളും 11 മുതിർന്നവരുമാണ് കൊല്ലപ്പട്ടത്.
വെടിയുതിർത്ത പന്യ ഖമ്രബ് (34) മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്. കാറിൽ നിന്നാണ് പ്രതി ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. കുറ്റകൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതി ഭാര്യയേയും കുഞ്ഞിനേയും കൊലപ്പെടുത്തുകയും ജീവനൊടുക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ആദ്യ ആക്രമണം. 19 ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും രണ്ട് മുതിർന്നവരും ശിശുസംരക്ഷണ കേന്ദ്രത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിനായി തോക്കുധാരി കത്തികളും ഉപയോഗിച്ചതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വെടിവയ്‌പ്പിന് ശേഷം കാറുമായി രക്ഷപ്പെടുന്നതിനിടെ നിരവധി പേരെ ഇയാൾ ഇടിച്ച് പരിക്കേൽപ്പിച്ചിട്ടുമുണ്ട്.
പ്രതിയുടെ മകന്‍ ഉൾപ്പടെ രണ്ട് കുട്ടികളും പത്ത് മുതിർന്നവരും ശിശുസംരക്ഷണ കേന്ദ്രത്തിന് പുറത്ത് മരിച്ചതായി പൊലീസ് പറഞ്ഞു. 6 Kor 6499 ബാങ്കോക്ക് രജിസ്‌ട്രേഷനിലുള്ള വെള്ള ടൊയോട്ട കാറാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് തായ്‌ലൻഡ് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ പൊലീസ് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് പന്യയെ 2021 ൽ പൊലീസ് സേനയിൽ നിന്ന് പുറത്താക്കുകയായിരുന്നു.