വാഷിങ്‌ടണ്‍:അമേരിക്കയിലെ ടെക്‌സാസിലെ പ്രാഥമിക വിദ്യാലയത്തില്‍ വെടിവയ്പ്പ്. 18 കുഞ്ഞുകുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു. 18കാരന്‍ സാല്‍വഡോര്‍ റാമോസാണ് അക്രമി. ഇയാളെ സംഭവസ്ഥലത്തുവച്ച് അധികൃതര്‍ കൊലപ്പെടുത്തി.
ടെക്‌സാസ് റോബ് എലിമെന്‍ററി സ്‌കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പ്രതി കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. അഞ്ച് വയസിനും 11 വയസിനും ഇടയിലുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്. രണ്ട് വിദ്യാര്‍ഥികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ടെക്‌സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.
പ്രതി തന്‍റെ മുത്തശിയെ വെടിവച്ചതിന് ശേഷം സ്‌കൂളിന് സമീപം വാഹനം ഇടിച്ചിട്ടു. പിന്നീട്, വിദ്യാലയത്തില്‍ പ്രവേശിച്ച് തുടര്‍ച്ചയായി വെടിവയ്‌ക്കുകയായിരുന്നു. വെടിയേറ്റ 66കാരിയായ പ്രതിയുടെ മുത്തശി ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ പൊലീസിനുനേരെയും പ്രതി വെടിയുതിര്‍ത്തു.
ഒന്നിലധികം ഉദ്യോഗസ്ഥർക്ക് വെടിയേറ്റു. കൈത്തോക്കിന് പുറമെ, എ.ആർ -15 തോക്കും അക്രമിയുടെ കൈയിലുണ്ടായിരുന്നു. രണ്ട് മുതല്‍ നാല് വരെയുള്ള കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്.
മനം മടുപ്പിക്കുന്നതായി ബൈഡന്‍:നടന്നത് വലിയ കൂട്ടക്കുരുതിയെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. അക്രമങ്ങളില്‍ മനം മടുപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ഞാൻ പ്രസിഡന്‍റായ ശേഷം, ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയുണ്ടാവില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, വീണ്ടും. നിഷ്‌കളങ്കരും നിരപരാധികളായ കുട്ടികളാണ് കൊല്ലപ്പെട്ടത്. കൂടാതെ, ഭീകര സംഭവത്തിന് എത്രയോ കുഞ്ഞുങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. യുദ്ധക്കളത്തിലെന്നപോലെ അവര്‍ക്ക് നില്‍ക്കേണ്ടിവന്നു.''- പ്രസിഡന്‍റ് പറഞ്ഞു.
ഇത്തരം കൂട്ടവെടിവയ്‌പ്പുകള്‍ ആവശ്യത്തില്‍ കൂടുതലായെന്നും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണമെന്നും വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പറഞ്ഞു. ദേശീയ ദുഃഖാചരണത്തിന്‍റെ ഭാഗമായി അമേരിക്കന്‍ പതാക ഇന്ന് പകുതി താഴ്ത്തിക്കെട്ടും.