ന്യൂയോര്‍ക്ക്: ടെസ്‌ലയുടേയും ട്വിറ്ററിന്‍റേയും ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 44 ബില്യണ്‍ അമേരിക്കന്‍ ഡോളറിന് ടെസ്‌ല സിഇഒ എലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുമ്പോള്‍, അദ്ദേഹം നേരിടുന്ന ചില നിയമ പ്രശ്‌നങ്ങള്‍ നിക്ഷേപകരില്‍ ആശങ്കയുളവാക്കിയതാണ് ഇരു കമ്പനികളുടേയും ഓഹരികളുടെ മൂല്യം ഇടിയാനുള്ള സാഹചര്യം. ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ മൂല്യമാണ് ഏറ്റവും കൂടുതല്‍ ഇടിഞ്ഞത്.
ടെസ്‌ലയുടെ ഓഹരി മൂല്യം ഈ ആഴ്ച 16 ശതമാനം ഇടിഞ്ഞ് 728 അമേരിക്കന്‍ ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ട്വിറ്ററിന്‍റെ ഓഹരി ഈ ആഴ്ച 9.5 ശതമാനം ഇടിഞ്ഞ് 45.08 അമേരിക്കന്‍ ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഈ രണ്ട് കമ്പനികളുടെ ഓഹരികളും യുഎസിലെ പ്രധാനപ്പെട്ട ഓഹരി സൂചികയായ എസ്&പി 500( S&P 500)നേക്കാളും ഇടിഞ്ഞു. എസ്&പി 500 4.7ശതമാനമാണ് ഈ ആഴ്‌ച ഇടിഞ്ഞത്.
മസ്‌കിന്‍റെ ശ്രദ്ധ ടെസ്‌ലയില്‍ നിന്ന് മാറുമെന്ന ആശങ്ക:ട്വിറ്റര്‍ ഏറ്റെടുക്കുമ്പോഴുള്ള നിയമ പ്രശ്‌നങ്ങള്‍ മാത്രമല്ല ട്വിറ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ മസ്‌കിന്‍റെ ശ്രദ്ധ ടെസ്‌ലയില്‍ നിന്ന് മാറുമോ എന്നുള്ള ചോദ്യങ്ങളും നിക്ഷേപകരെ അലട്ടുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള വാഹന നിര്‍മാണ കമ്പനിയാണ് ടെസ്‌ല. ട്വിറ്ററിന്‍റെ അഞ്ച് ശതമാനം ഓഹരികള്‍ വാങ്ങി എന്ന് വളരെ വൈകി വെളിപ്പെടുത്തിയ എലോണ്‍ മസ്‌കിന്‍റെ നടപടിയില്‍ യുഎസിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് കമ്മീഷന്‍(എസ്‌ഇസി) അന്വേഷണം നടത്തുകയാണെന്ന് യുഎസിലെ പ്രമുഖ മാധ്യമമായ വാള്‍സ്‌ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്‌തു.
മസ്‌കിന്‍റെ വൈകിയുള്ള വെളിപ്പെടുത്തല്‍:എലോണ്‍ മസ്‌കിന്‍റെ ട്വിറ്റര്‍ ഓഹരികള്‍ മാര്‍ച്ച് പതിനാലിന് അഞ്ച് ശതമാനത്തില്‍ എത്തിയിരുന്നെന്നും അതുകൊണ്ട് തന്നെ മാര്‍ച്ച് 24നകം ഈ കാര്യം എസ്‌ഇസിയില്‍ രേഖപ്രകാരം അറിയിക്കണമായിരുന്നു എന്ന് കാണിച്ച് ട്വിറ്ററിന്‍റെ ചെറുകിട ഓഹരി ഉടമകള്‍ എലോണ്‍ മസ്‌കിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തിരിക്കുകയാണ്.
ഏപ്രില്‍ നാലിന് മാത്രമാണ് എസ്‌ഇസിയില്‍ മസ്‌ക് ഈ കാര്യം വെളിപ്പെടുത്തുന്നത്. മസ്‌കിന്‍റെ വെളിപ്പെടുത്തലിന് രണ്ടാഴ്ച മുമ്പ് ട്വിറ്റര്‍ ഓഹരികള്‍ വിറ്റ ചെറുകിടനിക്ഷേപകര്‍ക്ക് മസ്‌കിന്‍റെ നടപടി സാമ്പത്തിക നഷ്‌ടമുണ്ടാക്കിയെന്ന് ചെറുകിട നിക്ഷേപകര്‍ ആരോപിക്കുന്നു.
മസ്‌കിന് വിനയായി ട്വീറ്റ്: കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതിയുടെ ഉത്തരവും എലോണ്‍ മസ്‌കിന് തിരിച്ചടിയായി. ടെസ്‌ലയെ പ്രൈവറ്റ് കമ്പനിയായി മാറ്റുന്നതിനാവശ്യമായ ഫണ്ട് താന്‍ ഉറപ്പിച്ചിട്ടുണ്ട് എന്ന് 2018ല്‍ മസ്‌ക് ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍ ഈ ട്വീറ്റ് വസ്‌തുതകള്‍ക്ക് നിരക്കുന്നതല്ല എന്നാണ് കാലിഫോര്‍ണിയ ഫെഡറല്‍ കോടതി വിധിച്ചത്. 2018 ആഗസ്റ്റ് ഏഴിന് മസ്‌ക് ഈ കാര്യം ട്വീറ്റ് ചെയ്‌തപ്പോള്‍ സൗദി പബ്ലിക് ഇന്‍വെസ്‌റ്റ്‌മെന്‍റ് ഫണ്ടുമായി കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുക മാത്രമെ ചെയ്യുന്നുണ്ടായിരുന്നുള്ളൂവെന്നാണ് കോടതി പറഞ്ഞത്.
ട്വിറ്റര്‍ ഓഹരി മൂല്യം ഈ വര്‍ഷം 4.3 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ട്വിറ്റര്‍ വാങ്ങാനുള്ള എലോണ്‍ മസ്‌കിന്‍റെ ഏപ്രില്‍ 14ലെ വാഗ്‌ദാനത്തിന് ശേഷം ടെസ്‌ലയുടെ ഓഹരിക്ക് 26 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. ഈ വര്‍ഷം ടെസ്‌ലയുടെ ഓഹരി 30 ശതമാനമാണ് ഇടിഞ്ഞത്. ട്വിറ്റര്‍ വാങ്ങാനുള്ള മസ്‌കിന്‍റെ തീരുമാനം ടെസ്‌ലയുടെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കുമെന്ന ആശങ്ക ടെസ്‌ല ഓഹരി നിക്ഷേപര്‍ക്കുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്‌തമാവുന്നത്