വാഷിങ്ടണ്‍:അൽ ഖ്വയ്ദ തലവന്‍ അയ്മൻ അൽ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച തന്ത്രം വ്യക്തമാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ. അൽ സവാഹിരിയുടെ ദിനചര്യകള്‍ സസൂക്ഷ്മം മനസ്സിലാക്കിയായിരുന്നു ആക്രമണമെന്ന് ഇന്റലിജൻസ് അറിയിച്ചു. കാബൂളിലെ സുരക്ഷിത താമസ കേന്ദ്രത്തിലെ ബാൽക്കണിയിൽ ഒറ്റയ്ക്ക് ഇരുന്ന് വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സവാഹിരിക്കു നേരെ അവസരം മുതലെടുത്ത് കൃത്യമായ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വെളിപ്പെടുത്തല്‍.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദ ആക്രമണത്തിൽ നിർണായക പങ്ക് വഹിക്കുകയും തുടര്‍ന്ന്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ഖ്വയ്‌ദയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളുമാണ് സവാഹിരി. ഒസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തിയതോടെ സവാഹിരി അൽ ഖ്വയ്ദയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ലോകം തിരയുന്ന ഭീകരരിൽ ഒരാളായ സവാഹിരിയെ ശനിയാഴ്ച (30.07.2022) വൈകുന്നേരം ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനാണ് അറിയിച്ചത്.
Also Read: അൽ സവാഹിരി: മനുഷ്യരെ പച്ചയ്ക്ക് കൊന്ന ആഗോള ഭീകരന്‍റെ പതനത്തിന്‍റെ വഴി ഇങ്ങനെ, ജീവിതത്തിന്‍റെയും
സവാഹിരിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: "അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള അൽ ഖ്വയ്ദ തലവന്‍ അയ്മാൻ അൽ സവാഹരിയെക്കുറിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിർണായകമായ കണ്ടെത്തൽ നടത്തി. തന്റെ സുരക്ഷിത താമസ കേന്ദ്രത്തിലെ ബാൽക്കണിയിൽ അതിരാവിലെ ഒറ്റയ്ക്കിരുന്ന് വായിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു എന്നതായിരുന്നു അത്". തീവ്രവാദികളെ വേട്ടയാടാനും ലക്ഷ്യമിടാനും അവരുടെ ശീലങ്ങള്‍ വിശകലനം ചെയ്യാറുള്ള "പാറ്റേൺ ഓഫ് ലൈഫ് ഇന്റലിജൻസ്" സിഐഎ ഉപയോഗപ്പെടുത്തിയെന്നും, അനുബന്ധമായ നാശനഷ്‌ടങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തമായ മിസൈൽ ഷോട്ടിനുള്ള അവസരം കണ്ടെത്തിയെന്നും 'അൽ ഖ്വയ്ദ നേതാവിനെ എങ്ങനെയാണ് സിഐഎ പിന്തുടര്‍ന്നത്' എന്ന തലക്കെട്ടിലുള്ള ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.