പാരിസ്:അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസ് വിരമിക്കാനൊരുങ്ങുന്നു. ടെന്നീസ് കോർട്ടില്‍ നിന്ന് വിട പറയുകയാണെന്ന് താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഈ മാസം അവസാനം ആരംഭിക്കുന്ന യുഎസ് ഓപ്പണില്‍ പങ്കെടുത്തതിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി സെറീന വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
'ജീവിതത്തിൽ മറ്റൊരു ദിശയിലേക്ക് മാറേണ്ട ഒരു സമയം ജീവിതത്തിലുണ്ടാകും. നിങ്ങള്‍ അത്രയധികം ഇഷ്‌ടപ്പെടുന്ന ഒരു കാര്യമാണെങ്കില്‍ ആ സമയം നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഞാന്‍ ടെന്നീസ് വളരെയധികം ആസ്വദിക്കുന്നു. പക്ഷേ, ഇപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. അമ്മയെന്ന നിലയിലും ആത്മീയ ലക്ഷ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം,' സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വിരമിക്കല്‍ എന്ന പദം തനിക്ക് ഇഷ്‌ടമല്ലെന്നും പുതിയ ചുവടുകളെ പരിണാമമെന്ന നിലയിലാണ് കാണുന്നതെന്നും താരം വോഗ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ടെന്നീസില്‍ നിന്ന് മാറി കുടുംബം, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനത്തിലെ പ്രവര്‍ത്തനം ഉള്‍പ്പെടെ ജീവിതത്തിലെ മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുകയാണെന്നും സെറീന വ്യക്തമാക്കി.