ബെല്‍ഗ്രേഡ്: സെർബിയയുടെ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ എട്ട് കുട്ടികളും സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആറിലധികം കുട്ടികളും അധ്യാപികയും വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പതിനാലുകാരനായ വിദ്യാർഥിയാണ് വെടിവയ്പ്പ് നടത്തിയത്.
വിദ്യാർഥി അച്ഛന്‍റെ തോക്കുമായെത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പ്പ് നടത്തിയ വിദ്യാർഥിയെ പൊലീസ് പിടികൂടി ചോദ്യം ചെയ്‌ത് വരികയാണ്.
ആദ്യം വെടിയുതിര്‍ത്തത് അധ്യാപികയ്‌ക്കു നേരെ: അമേരിക്കയിലെ പോലെ തന്നെ വിദ്യാർഥികൾ തോക്കുമായി സ്‌കൂളിലെത്തി വെടിവയ്പ്പ് നടത്തുന്നതില്‍ കുപ്രസിദ്ധിയാർജിച്ച രാജ്യമാണ് സെർബിയ. തോക്കുമായി ക്ലാസിലെത്തിയ വിദ്യാർഥി ആദ്യം അധ്യാപികയേയും പിന്നീട് സഹവിദ്യാർഥികളെയും വെടിവച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സ്‌കൂളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളാണ് ഉള്ളത്.
2013ല്‍ ഒരു ബാല്‍ക്കണ്‍ യുദ്ധവീരന്‍ നടത്തിയ കനത്ത വെടിവയ്‌പ്പില്‍ സെന്‍ട്രല്‍ സെര്‍ബിയന്‍ ഗ്രാമത്തിലെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 1990കളിലെ യുദ്ധത്തിന് ശേഷം രാജ്യത്ത് അവശേഷിച്ചിരുന്ന ആയുധങ്ങളെക്കുറിച്ച് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പതിറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്ന അസ്ഥിരതയും നിലവിലെ സാമ്പത്തിക ഞെരുക്കങ്ങളുമാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴി വയ്‌ക്കുന്നതെന്ന് വിദഗ്‌ധര്‍ പറയുന്നു.
സംഘര്‍ഷമുണ്ടായ സ്‌കൂള്‍ പരിസരത്ത് ആളുകള്‍ക്കിടയില്‍ അസ്വസ്‌തത നിറയുന്നതും പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയെ തല മറച്ച് പൊലീസ് കാറിനുള്ളില്‍ കയറ്റുന്ന ദൃശ്യങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു.
പ്രതിയുടെ സഹപാഠിയുടെ പ്രതികരണം: 'ഷൂട്ടിങ് നടക്കുമ്പോള്‍ എന്‍റെ മകള്‍ ചരിത്ര പഠന ക്ലാസിലായിരുന്നു. ശബ്‌ദം കേട്ട് സംഭവസ്ഥലത്തെത്തി ഞങ്ങളുടെ മകള്‍ എവിടെ എന്ന് എല്ലാവരോടും ചോദിച്ചു, എന്നാല്‍ ആരും ഉത്തരം തരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് അവള്‍ ഞങ്ങളെ വിളിക്കുകയും ഞങ്ങള്‍ അവളെ കണ്ടെത്തുകയും ചെയ്‌തുവെന്ന്' മിലാന്‍ മിലോസെവിക് എന്ന വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു.
'ആദ്യം അധ്യാപികയുടെ നേര്‍ക്കാണ് പ്രതി വെടിയുതിര്‍ത്തത്. ഈ സമയം കുട്ടികള്‍ ഡെസ്‌ക്കിനടിയില്‍ ഒളിച്ചുവെന്ന് മിലാന്‍ മിലോസെവിക്കിന്‍റെ മകള്‍ പറഞ്ഞു. വളരെ ശാന്തനും പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥിയുമായിരുന്നു വെടിയുതിര്‍ത്തതെന്ന് പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് പൊലീസ് സ്‌കൂളിന് ചുറ്റുമുള്ള ബ്ലോക്കുകള്‍ സീല്‍ ചെയ്‌തിരിക്കുകയാണ്.