ന്യൂഡൽഹി:മതത്തിനുള്ളിലെ അനീതികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിച്ച എഴുത്തുകാരനാണ് സൽമാൻ റുഷ്‌ദി. ‘ദി സാത്താനിക് വേഴ്‌സസ്’ എന്ന റുഷ്‌ദിയുടെ പുസ്‌തകം ഏറെ വിവാദങ്ങളാണ് സൃഷ്‌ടിച്ചത്. ഇന്ത്യൻ വംശജനായ റുഷ്‌ദിക്ക് നേരെ 2022 ഓഗസ്‌റ്റ് 12 നാണ് അമേരിക്കയിൽ വച്ച് ആക്രമണം ഉണ്ടായത്. ന്യൂയോർക്കിലെ ഒരു വേദിയിൽ പ്രസംഗിക്കുന്നതിനിടയിലാണ് റുഷ്‌ദിക്ക് നേരെ പാഞ്ഞടുത്ത യുവാവ് കഴുത്തിലും വയറിലും കുത്തി പരിക്കേൽപ്പിച്ചത്. ഇതിന്‍റെ പശ്ചാതലത്തിൽ ബംഗ്ലാദേശി നോവലിസ്‌റ്റ് തസ്‌ലിമ നസ്രീനുമായി ഇടിവി ഭാരത് നടത്തിയ അഭിമുഖം.
സൽമാൻ റുഷ്‌ദിക്കെതിരായ ആക്രമണത്തിൽ നിങ്ങളുടെ പ്രതികരണം എന്താണ്, സമൂഹം പിന്നോട്ടാണോ പോകുന്നത്?
ലോകത്ത് എല്ലായിടത്തും അക്രമങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഇത് നിർത്തണം. മറ്റൊരാളുടെ ജീവൻ എടുക്കാനുള്ള അവകാശം ആർക്കുമില്ല.
തീവ്രവാദത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ ഇന്ത്യയിലും ഉയരുന്നുണ്ട്. ഇത് തടയാൻ എന്താണ് ചെയ്യേണ്ടത്?
ഭീകരമായ സന്ദേശങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നത് അപകടകരമാണ്. തീവ്ര മതവിശ്വാസമാണ് ഈ അവസ്ഥയ്‌ക്ക് പ്രധാന കാരണം. മതമൗലികവാദം വർധിച്ചില്ലെങ്കിൽ ഭീകരവാദവും വളരില്ല. അമേരിക്ക പോലെ സുരക്ഷിതമായ ഒരു രാജ്യത്തില്‍ പോലും സൽമാൻ റുഷ്‌ദിക്ക് നേരെ അക്രമം ഉണ്ടായി.
അതുകൊണ്ട് ലോകത്ത് എവിടെ വേണമെങ്കിലും ഇത് സംഭവിക്കാം. മുസ്ലീം സമുദായത്തിൽ വളരുന്ന മതമൗലികവാദത്തിന് തടയിടാൻ കഴിഞ്ഞാൽ മാത്രമേ ഇത്തരം സംഭവങ്ങൾക്ക് അവസാനമുണ്ടാകൂ. എന്നാൽ അതിന് എന്ന് സാധിക്കുമെന്ന് അറിയില്ല.
മതമൗലികവാദികൾക്ക് മതം എന്ന വിഷം കുത്തിവെക്കാൻ എളുപ്പമാണ്. അവർ ലക്ഷ്യമിടുന്നത് 25-26 വയസിനിടയിലുള്ള യുവാക്കളെയാണ്. മതമൗലികവാദികൾ ഇവരെ തീവ്രവാദികളാക്കുകയാണ്.
മദ്രസകൾ മതമൗലികവാദം വളർത്തുന്നുണ്ടോ?
നല്ല ശീലങ്ങൾക്ക് പകരം ചില മദ്രസകളിൽ പഠിപ്പിക്കുന്നത് മതത്തിന്‍റെ പേരിൽ മറ്റുള്ളവരെ ആക്രമിക്കാനാണ്. ഇതിനെതിരെ സർക്കാർ നടപടിയെടുക്കണം.
മത തീവ്രവാദത്തിന് തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടോ. എന്താണ് അഭിപ്രായം?
ലോകത്തെ എല്ലാ രാജ്യങ്ങളിലെയും അധികാരികൾ ഇക്കാര്യത്തിൽ ഇടപെടണം. ഇവിടത്തെ സർക്കാരിനെ കുറിച്ച് മാത്രമല്ല ഞാൻ പറയുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള മദ്രസകളിൽ ഇതാണ് സംഭവിക്കുന്നത്. മദ്രസകളിലൂടെ യുവാക്കളെ തീവ്രവാദത്തിലേക്ക് വഴിതിരിച്ച് വിടുകയാണ്.