കേരളം

kerala

ETV Bharat / international

മത നിന്ദ : അഫ്‌ഗാൻ മോഡലിനെയും മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് താലിബാൻ - Taliban have detained famous Afghan fashion model Ajmal Haqiqi

അഫ്‌ഗാനികൾക്കിടയിൽ പ്രശസ്‌തനായ അജ്‌മൽ ഹഖിഖിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് താലിബാൻ കസ്റ്റഡിയിലെടുത്തത്

Taliban detain Afghan fashion model on religious charges
മത നിന്ദ : അഫ്‌ഗാൻ മോഡലിനെയും മൂന്ന് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് താലിബാൻ

By

Published : Jun 8, 2022, 9:26 PM IST

കാബൂൾ : ഇസ്ലാമിനെയും വിശുദ്ധ ഖുർആനിനെയും അനാദരിച്ചുവെന്ന് ആരോപിച്ച് പ്രശസ്‌ത അഫ്‌ഗാൻ ഫാഷൻ മോഡലിനെയും മൂന്ന് സഹായികളേയും കസ്റ്റഡിയിലെടുത്ത് താലിബാൻ. ഫാഷൻ ഷോകളിലൂടെയും, യുട്യൂബ് വീഡിയോകളിലൂടെയും അഫ്‌ഗാനികൾക്കിടയിൽ പ്രശസ്‌തനായ അജ്‌മൽ ഹഖിഖിയെയാണ് താലിബാൻ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അജ്‌മൽ ഹഖിഖി മാപ്പ് പറയുന്ന ഒരു വീഡിയോ താലിബാന്‍റെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഇന്‍റലിജൻസിന്‍റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്‌തിട്ടുമുണ്ട്.

അഫ്‌ഗാൻ ജനതയോടും ബഹുമാനപ്പെട്ട മതപണ്ഡിതരോടും ഇസ്ലാമിക് എമിറേറ്റ് സർക്കാരിനോടും ഞാൻ മാപ്പ് ചോദിക്കുന്നു. ഇസ്ലാമിക മൂല്യങ്ങളെ അവഹേളിക്കുന്നത് ഒഴിവാക്കണമെന്ന് എല്ലാ യൂട്യൂബർമാരോടും മാധ്യമങ്ങളിൽ സജീവമായ യുവജനങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. ഡിസിഐ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ അജ്‌മൽ ഹഖിഖി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണ് അജ്‌മൽ ഹഖിഖിയെയും കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ഹഖിഖിന്‍റെ സഹപ്രവർത്തകൻ ഗുലാം സഖി ഖുർആനിലെ അറബി വാക്യങ്ങൾ ഹാസ്യാത്മകമായ ശബ്‌ദത്തിൽ സംസാരിക്കുന്നതും അത് കേട്ട് ഹഖിഖി ഉൾപ്പടെയുള്ളവർ ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

അതേസമയം ഇവർക്കെതിരെ എന്ത് നിയമ നടപടികളാണ് സ്വീകരിക്കുകയെന്ന കാര്യത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്ലാമിക നിയമങ്ങൾക്കനുസൃതമായുള്ള ഭരണം കാഴ്‌ചവയ്ക്കുന്ന താലിബാൻ ഇസ്ലാമിനെതിരായ വിമർശനങ്ങളും, ഇസ്ലാമിനോടുള്ള അനാദരവും ശിക്ഷാർഹമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

ABOUT THE AUTHOR

...view details