കാബൂള്‍: സര്‍വകലാശാലകളില്‍ അഫ്‌ഗാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍. രാജ്യത്തെ ഉന്നതതല വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അഫ്‌ഗാനിസ്ഥാനിലെ വിദ്യാര്‍ഥിനികള്‍ക്ക് വിദ്യാഭ്യാസം റദ്ദാക്കിയിരിക്കുകയാണെന്ന് മന്ത്രാലയം കത്ത് പുറത്തിറക്കിയതായി ടോളോ ന്യൂസ് ട്വീറ്റ് ചെയ്‌തു.
2021 ഓഗസ്‌റ്റില്‍ താലിബാന്‍ അഫ്‌ഗാന്‍ ഭരണം ഏറ്റെടുത്തതോടെ പൗരന്‍മാര്‍ക്ക്, പ്രത്യേകിച്ച് സ്‌ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ഹ്യൂമണ്‍ റൈറ്റ്സ് വാച്ച് പറയുന്നു. പൊതുസേവനങ്ങളിലെ നേതൃസ്ഥാനത്ത് നിന്ന് ഇസ്‌ലാമിക സംഘടന സ്‌ത്രീകളെ പിരിച്ചുവിട്ടു. മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് സെക്കൻഡറി സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്.