ടെഹ്‌റാൻ:തെക്കൻ ഇറാനിൽ ശനിയാഴ്‌ച പുലർച്ചെയുണ്ടായ (ജൂലൈ 02) ഭൂചലനത്തിൽ അഞ്ച് മരണം. റിക്‌ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 44 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇ ഉൾപ്പെടെ അയൽരാജ്യങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 1,000 കിലോമീറ്റർ തെക്ക് ഹോർമോസ്‌ഗാൻ പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഈ മേഖലയിലെ സയേ ഖോഷ് ഗ്രാമത്തിൽ 300 ഓളം ആളുകൾ താമസിക്കുന്നുണ്ട്. പ്രവിശ്യയിൽ രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭൂചലനത്തെ തുടർന്ന് മേഖലയിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടങ്ങളുണ്ടായി. പ്രദേശത്ത് തുടർചലനങ്ങൾ തുടരുന്നതിനാൽ ആളുകൾ തെരുവിലിറങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളിലായി മേഖലയിൽ തീവ്രത കുറഞ്ഞ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. നിലവിൽ ഇറാനിൽ ഒരു ദിവസം ശരാശരി ഒരു തവണയെങ്കിലും ഭൂചലനം നേരിടുന്ന സ്ഥിതിയാണ്.
കഴിഞ്ഞ നവംബറിൽ റിക്‌ടർ സ്കെയിലിൽ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഒരാൾ മരിച്ചിരുന്നു. 2003ൽ, 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിൽ ചരിത്ര നഗരമായ ബാമിൽ 26,000 പേർ കൊല്ലപ്പെട്ടിരുന്നു. 2017ൽ പടിഞ്ഞാറൻ ഇറാനിൽ ഉണ്ടായ റിക്‌ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 600ലധികം പേർ കൊല്ലപ്പെടുകയും 9,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.