ക്വിറ്റോ (ഇക്വഡോര്‍) : തെക്കന്‍ ഇക്വഡോറിലും വടക്കന്‍ പെറുവിലും ഇന്നലെ ഉണ്ടായ ഭൂചലനത്തില്‍ 15 പേര്‍ മരിച്ചു. ഇക്വഡോറില്‍ 14 പേരും പെറുവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. ഇക്വഡോറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വായാക്വിലിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ തെക്ക് പസഫിക് തീരത്താണ് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഇക്വഡോറിലെ തീരദേശ മേഖലയായ എൽ ഓറോയില്‍ 12 പേരാണ് മരിച്ചത്. ബാക്കി രണ്ട് പേര്‍ അസുവേയിലും മരിച്ചതായി അധികൃതര്‍ അറിയിച്ചു. 126 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇക്വഡോറുമായി അതിര്‍ത്തി പങ്കിടുന്ന തുംബെസ് മേഖലയിലാണ് പെറുവില്‍ ഭൂചലനം അനുഭവപ്പെട്ടത്. വീട് തകര്‍ന്ന് വീണ് നാല് വയസുകാരിയാണ് ഇവിടെ മരിച്ചത്.
ഇക്വഡോറിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ഏജന്‍സിയായ റിസ്‌ക് മാനേജ്‌മെന്‍റ് സെക്രട്ടേറിയറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ക്യൂന്‍കയില്‍ ഒരാള്‍ മരിച്ചത് വാഹനത്തിന് മുകളിലേക്ക് വീട് ഇടിഞ്ഞ് വീണാണ്. എല്‍ ഒറോയില്‍ നിരവധി പേര്‍ അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മച്ചാല മേഖലയില്‍ ഇരുനില കെട്ടിടം തകര്‍ന്ന് വീഴുകയും വീടിന്‍റെ ഭിത്തികള്‍ വിണ്ടുകീറുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശത്ത് എത്ര പേര്‍ കുടുങ്ങി കിടക്കുന്നുണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അഗ്‌നി രക്ഷ സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള സംഘം ഭൂചലനം ഉണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ടെലി ഫോണ്‍, വൈദ്യുതി ലൈനുകള്‍ താഴ്‌ന്ന് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ട് ഉണ്ടാക്കി. നാഷണല്‍ പൊലീസ് നാശനഷ്‌ടങ്ങള്‍ വിലയിരുത്തി വരികയാണ്.
കെട്ടിടങ്ങളും വീടുകളും തകര്‍ന്നു : 'വീടിന്‍റെ മൂന്നാമത്തെ നിലയില്‍ ഇരിക്കുമ്പോള്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പൊടുന്നനെ ടിവി നിലത്ത് വീണു. ഇതോടെ പുറത്തേക്ക് ഓടുകയായിരുന്നു' - മച്ചാല നിവാസി ഫാബ്രിസിയോ ക്രൂസ് പറഞ്ഞു. 'ഭൂചലനം ഉണ്ടായപ്പോള്‍ അയല്‍ക്കാര്‍ തന്നെ വിളിച്ചിരുന്നു. വലിയ ശബ്‌ദത്തോടെയായിരുന്നു ഭൂകമ്പം' - ഫോട്ടോഗ്രാഫര്‍ കൂടിയായ ക്രൂസ് അറിയിച്ചു. താന്‍ നോക്കിയപ്പോള്‍ സമീപത്തെ വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്ന് വീഴുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്വഡോർ സർക്കാർ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾക്കും സ്‌കൂളുകൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്‌തു. തലസ്ഥാനമായ ക്വിറ്റോയുടെ തെക്കുപടിഞ്ഞാറായി 270 കിലോമീറ്റർ അകലെയുള്ള ഗ്വായാക്വിലിൽ കെട്ടിടങ്ങളിലും വീടുകളിലും വിള്ളലുകള്‍ ഉണ്ടായതായും ചില വീടുകളുടെ ഭിത്തികള്‍ തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു. ഗ്വായാക്വിലിലെ തെരുവുകളില്‍ ജനങ്ങള്‍ തടിച്ചുകൂടി. വീടിനുള്ളില്‍ അടുക്കിവച്ചിരുന്ന വസ്‌തുക്കളെല്ലാം നിലത്ത് വീണതായി ആളുകള്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കപ്പെട്ട ഒരു വീഡിയോയില്‍ വാര്‍ത്ത ചാനലിന്‍റെ ഡെസ്‌കില്‍ അവതാരകന്‍ ഭൂചലനം ഉണ്ടായപ്പോള്‍ നിലവിളിക്കുന്നത് കേള്‍ക്കാം. അതേസമയം പെറുവില്‍ ഉണ്ടായ ഭൂചലനത്തില്‍ തുംബെസിലെ സൈനിക ബാരക്കിന്‍റെ പഴയ മതിലുകള്‍ തകര്‍ന്നു. ഇക്വഡോറില്‍ നേരത്തെയും ഭൂചലനം ഉണ്ടായിട്ടുണ്ട്. 2016 ല്‍ ഉണ്ടായ ഭൂചലനത്തില്‍ 600 ല്‍ അധികം പേരാണ് മരിച്ചത്.