കൊളംബോ:സാമ്പത്തികപ്രതിസന്ധി മൂലം ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുത്തു. യുണൈറ്റഡ് നാഷ്‌ണല്‍ പാര്‍ട്ടി നേതാവും മുന്‍പ്രധാനമന്ത്രിയുമാണ് വിക്രമസിംഗെ. പാര്‍ലമെന്‍റിലെ ഏക യുഎന്‍പി നേതാവായ വിക്രമസിംഗെ പ്രസിഡന്‍റ് ഗോതബായ രജപക്‌സെയ്‌ക്ക് മുന്‍പിലാണ് സത്യപ്രതിജഞ ചെയ്‌തത്.
റനില്‍ വിക്രമംസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു - ranil wickremesinghe oath
പ്രസിഡന്‍റ് ഗോതബായ രജപക്‌സെയുടെ മുന്നിലാണ് യുഎന്‍പി നേതാവ് സത്യപ്രതിജ്ഞ ചെയ്‌തത്
കഴിഞ്ഞ ദിവസം പ്രസിഡന്‍റും വിക്രമസിംഗയും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നു. ചര്‍ച്ചകള്‍ക്ക് പിന്നാലെ രാജ്യത്തെ പുതിയ ഭരണനേതൃത്വത്തെ ഈ ആഴ്‌ചയില്‍ തന്നെ പ്രഖ്യാപിക്കുമെന്ന് പ്രസഡന്‍റ് ഗോതബയ രജപക്‌സെ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഷേധേങ്ങള്‍ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ചയാണ് മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചത്.
മുന്‍പ് നാല് പ്രാവശ്യം ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സേവനം അനുഷ്‌ഠിച്ച വ്യക്തിയാണ് വിക്രമസിംഗെ. ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (SLPP), പ്രധാന പ്രതിപക്ഷമായ സമാഗി ജന ബലവേഗയ (SJB) എന്നീ പാര്‍ട്ടികളിലെ ഒരു ഭാഗം നേതാക്കളും, മറ്റ് രാഷ്‌ട്രീയ കക്ഷികളും പാര്‍ലമെന്‍റില്‍ വിക്രമസിംഗയ്‌ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നതായുള്ള വിവരം പ്രാദേശിക മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ദീർഘവീക്ഷണത്തോടെയുള്ള നയങ്ങൾ ഉപയോഗിച്ച് സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കാൻ കഴിയുന്ന വ്യക്തിയായി അറിയപ്പെടുന്ന വിക്രമസിംഗെയുടെ കടന്ന് വരവ് നിലവിലെ സാഹചര്യത്തില്‍ ദ്വീപ് ജനതയ്‌ക്ക് പ്രതീക്ഷ പകരുന്നതാണ്.