കൊളംബോ : ശ്രീലങ്കയില്‍ ഇടക്കാല സര്‍ക്കാരിന് ഉപാധികളോടെ പിന്തുണ അറിയിച്ച് പ്രതിപക്ഷ പാര്‍ട്ടി സമഗി ജന ബലവേഗയ (എസ്‌ജെബി). രാജ്യത്തിന്‍റെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുകയെന്നത് കൂട്ടായ ഉത്തരവാദിത്വമാണെന്നും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അതിലാണെന്നും എസ്‌ജെബി പ്രസ്‌താവനയില്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ഒന്നരമാസത്തിലേറെയായി പ്രക്ഷോഭം തുടരുകയാണ്. ഇത് കടുത്തതോടെ പ്രസിഡന്‍റ് മഹിന്ദ രജപക്‌സെ രാജിവച്ചിരുന്നു. തുടര്‍ന്നാണ് സര്‍വകക്ഷി യോഗം ചേര്‍ന്ന് രാജ്യത്ത് ഇടക്കാല പ്രസിഡന്‍റായി റനില്‍ വിക്രമസിംഗെയെ നിയമിച്ചത്. യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) നേതാവാണ് റനില്‍ വിക്രമസിംഗെ.
ഭരണകാര്യത്തില്‍ വിക്രമസിംഗെയ്‌ക്ക് പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടാകും. എന്നാല്‍ എസ്‌ജെബിയില്‍ നിന്നും പ്രവര്‍ത്തകരെ ഭരണപാര്‍ട്ടിയിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുകയോ എസ്‌ജെപിയുടെ തത്വങ്ങള്‍ക്കെതിരായി നിയമസഭാംഗങ്ങളെ ഉപയോഗിക്കുകയോ ചെയ്‌താല്‍ പിന്തുണ പിന്‍വലിക്കുമെന്നും പ്രസ്‌താവനയില്‍ പാര്‍ട്ടി വ്യക്തമാക്കി.