കൊളംബോ :കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചതായി അഭ്യൂഹം. ശ്രീലങ്കൻ മാധ്യമങ്ങളാണ് രജപക്‌സെ രാജിക്കത്ത് നൽകിയതായി റിപ്പോർട്ടുകൾ നൽകിയത്. എന്നാൽ വാർത്ത അന്താരാഷ്‌ട്ര തലത്തിൽ ഏത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം നിഷേധിച്ചു.
അതേസമയം ശ്രീലങ്കയിൽ കനത്ത പ്രതിസന്ധി തുടരുകയാണ്. പ്രസിഡന്‍റ് ഗോതബായ രജപക്‌സെയുടെ വസതിക്ക് പുറത്തുള്ള പ്രതിഷേധത്തെത്തുടർന്ന് ഏർപ്പെടുത്തിയ കർഫ്യൂ രാജ്യത്ത് 36 മണിക്കൂർ പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഏറെക്കുറേ വിജനമാണ്. നഗരത്തിൽ എല്ലായിടത്തും പൊലീസും സൈനികരും കർശന പരിശോധന നടത്തുന്നുണ്ട്.
എന്നിരുന്നാലും കർഫ്യൂ ലംഘിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. പ്രസിഡന്‍റ് ഗോതാബയ രജപക്‌സെയെ പരാമർശിച്ച് 'ഗോ ഗോതാബയ ഗോ' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ സമാഗി ജന ബലവേഗയ (എസ്‌ജെബി) ഇന്ന് കൊളംബോയിൽ സർക്കാരിനെതിരെ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.