കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമായി തുടരുന്നതിനിടെ, രാജി വയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്‍റ് ഗോതബായ രജപക്‌സെ. സാമ്പത്തിക ഞെരുക്കം പിടിമുറുക്കിയ രാജ്യത്ത് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗോതബായ രജപക്‌സെ തന്‍റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ 225 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ 113 സീറ്റുകളുടെ ഭൂരിപക്ഷം തെളിയിയ്ക്കുന്ന ഏത് പാര്‍ട്ടിയ്ക്കും അധികാരം കൈമാറുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.
പ്രതിഷേധങ്ങള്‍ക്കിടെ ഇന്ന് പാര്‍ലമെന്‍റ് ചേരുന്നുണ്ട്. പാര്‍ലമെന്‍റില്‍ 113 സീറ്റുകളുടെ ഭൂരിപക്ഷം സർക്കാരിന് തെളിയിയ്ക്കാനായില്ലെങ്കില്‍ അടുത്ത പ്രധാനമന്ത്രിയാരെന്ന് നിര്‍ണയിയ്ക്കാനുള്ള ചര്‍ച്ചയ്ക്കായി സ്‌പീക്കർക്ക് പ്രമേയം സമര്‍പ്പിയ്ക്കും. ഇത് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിലേക്ക് വഴിയൊരുക്കിയേക്കും.
ജനരോഷം ശക്തമാകുന്നതിനിടെ, ഞായറാഴ്‌ച രാത്രി പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ ഒഴികെ 26 കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. തിങ്കളാഴ്‌ച മുഴുവന്‍ മന്ത്രിമാരുടേയും രാജി അംഗീകരിച്ചതായി പ്രസിഡന്‍റ് അറിയിച്ചു. തുടര്‍ന്ന് പുതിയ ദേശീയ മന്ത്രിസഭയില്‍ അംഗങ്ങളാകാന്‍ പ്രതിപക്ഷ കക്ഷികളെ പ്രധാനമന്ത്രി ക്ഷണിച്ചെങ്കിലും അധികാരം പങ്കിടാനില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കുകയായിരുന്നു.
ഇതിനിടെ, പുതിയ നാല് മന്ത്രിമാരെ നിയമിച്ചതില്‍ അതൃപ്‌തി പ്രകടിപ്പിച്ച് ഭരണ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്‌എല്‍എഫ്‌പി) മുന്നണി വിടുകയാണെന്ന് പ്രഖ്യാപിച്ചു. എസ്‌എല്‍എഫ്‌പി മുന്നണി വിടുകയും ഭരണപക്ഷത്തിനൊപ്പമുള്ള എംപിമാര്‍ പിന്തുണ പിന്‍വലിയ്ക്കുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്‌തതോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും സര്‍ക്കാരിന് നഷ്‌ടമായെന്ന് വ്യക്തമായി കഴിഞ്ഞു.
Also read: ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭം: ജനം തെരുവില്‍, മന്ത്രിമാരുടെ വസതി കൈയേറാൻ ശ്രമം; അടിച്ചമര്‍ത്തി പൊലീസ്