ലണ്ടൻ: ശ്രീലങ്കൻ ഇംഗ്ലീഷ് എഴുത്തുകാരൻ ഷെഹാൻ കരുണതിലകയ്‌ക്ക് Shehan Karunatilaka 2022ലെ ബുക്കർ സമ്മാനം Booker Prize. 'ദ സെവൻ മൂൺസ് ഓഫ് മാലി അല്‍മെയ്‌ഡ The Seven Moons of Maali Almeida' എന്ന പുസ്‌തകത്തിനാണ് പുരസ്‌കാരം. നാല്‍പത്തിയേഴുകാരനായ ഷെഹാൻ ബുക്കർ സമ്മാനം നേടുന്ന രണ്ടാമത്തെ ശ്രീലങ്കൻ എഴുത്തുകാരനാണ്. ഇതിനു മുൻപ് 1992ല്‍ മൈക്കല്‍ ഒൻടാജെയാണ് ബുക്കർ സമ്മാനം നേടിയ ശ്രീലങ്കൻ എഴുത്തുകാരൻ. 50,000 പൗണ്ടാണ് സമ്മാനത്തുകയായി ഷെഹാന് ലഭിക്കുക.
1989കളില്‍ നടക്കുന്ന ശ്രീലങ്കൻ ആഭ്യന്തര യുദ്ധവും അതിന്‍റെ തുടർച്ചയുമാണ് ഷെഹാൻ കരുണതിലകയുടെ നോവലിന്‍റെ പ്രമേയം. ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒരു ഫോട്ടോഗ്രാഫറിന്‍റെ ആത്‌മാവിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. മാലി അല്‍മെയ്‌ഡ എന്ന ഫോട്ടോഗ്രാഫർ എന്ന കഥാപാത്രം അയാളുടെ മരണ ശേഷം ആത്മാവിലൂടെ സഞ്ചരിച്ച് സിംഹളീസ് മരണ-ജീവിത സങ്കല്‍പ്പങ്ങൾ കൂട്ടിയിണക്കി ശ്രീലങ്കൻ ആഭ്യന്തര യുദ്ധസാഹചര്യവും രാഷ്ട്രീയവുമായി ചേർത്തിണക്കിയാണ് നോവല്‍ പുരോഗമിക്കുന്നത്.
എന്നാല്‍ തന്‍റെ നോവല്‍ ഒരു റിയലിസ്‌റ്റിക് രചനയോ രാഷ്ട്രീയ ആക്ഷേപഹാസ്യമോ ആയി തെറ്റിദ്ധരിക്കരുതെന്നും അതൊരു ഫാന്‍റസിയായി കണ്ടാല്‍ മതിയെന്നുമാണ് കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞത്. 2010ലാണ് കരുണതിലകെയുടെ ആദ്യ നോവലായ "ചൈനാമാൻ: ദ ലജന്‍റ് ഓഫ് പ്രദീപ് മാത്യു പ്രസിദ്ധീകരിച്ചത്. ഈ പുസ്‌തകം ക്രിക്കറ്റിനെ കുറിച്ച് പരാമർശിക്കുന്ന ഏറ്റവും മികച്ച നോവലുകളില്‍ ഒന്നായാണ് പരിഗണിക്കുന്നത്. ക്രിക്കറ്റ് മാഗസിനായ വിസ്‌ഡനും ഈ പുസ്‌തകത്തെ കുറിച്ച് പറയുന്നുണ്ട്.
രണ്ട് നോവലുകളും കുട്ടികൾക്കായി മൂന്നോളം പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള കരുണതിലകെ 1975ല്‍ ശ്രീലങ്കയിലെ ഗാലെയിലാണ് ജനിച്ചത്. ന്യൂസിലൻഡില്‍ പഠിച്ച് ലണ്ടനില്‍ ജോലി ചെയ്‌ത കരുണതിലകെ വിദേശ മാധ്യമങ്ങൾക്ക് വേണ്ടി സ്‌പോർട്സ്, യാത്ര, സംഗീതം എന്നിവയില്‍ ഫീച്ചറുകൾ എഴുതുന്നതില്‍ പ്രശസ്‌തനാണ്.
കേരളത്തിനും പ്രിയങ്കരൻ: തിരുവനന്തപുരത്ത് വർഷങ്ങളായി നടക്കുന്ന കോവളം ലിറ്റററി ഫെസ്‌റ്റിവലുകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഷെഹാൻ കരുണതിലക.