കൊളംബോ : സമാധാനപരമായ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേരെ അക്രമത്തിന് പ്രേരണ നൽകിയ കുറ്റത്തിന് മഹിന്ദ രാജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികള്‍. പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് എട്ട് പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. നിരവധി രാഷ്ട്രീയക്കാരുടെ വീടിന് തീവച്ചിട്ടുമുണ്ട്.
സർക്കാർ അനുകൂലികൾ പ്രക്ഷോഭകർക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തുകയും തലസ്ഥാനത്ത് സൈനികരെ വിന്യസിക്കുകയും ചെയ്‌തിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പ്രതിഷേധം ശക്തമായതോടെ തിങ്കളാഴ്‌ച മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവച്ചിരുന്നു. പ്രധാനമന്ത്രിയുടെ രാജിയെ തുടർന്ന് മന്ത്രിസഭ അസാധുവായി.
നിലവിൽ രാജ്യത്തിന്‍റെ നിയന്ത്രണം പ്രസിഡന്‍റും മഹിന്ദയുടെ ഇളയ സഹോദരനുമായ ഗോതബായ രജപക്‌സെയുടെ കൈകളിലാണ്. തന്‍റെ രാജി ആഹ്വാനങ്ങൾ വഴിതിരിച്ചുവിടുന്നതിന്‍റെ ശ്രമങ്ങളുടെ ഭാഗമായി ധിക്കാരപരമായ പ്രസംഗം നടത്തി സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ അക്രമം അഴിച്ചുവിടാൻ മഹിന്ദ രാജപക്‌സെ, സർക്കാർ അനുകൂലികളെ പ്രേരിപ്പിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. മഹിന്ദയെ അറസ്റ്റ് ചെയ്‌ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് തമിഴ് നിയമസഭാംഗമായ എം.എ സുമന്തിരൻ പറഞ്ഞു.
മുൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന, പ്രതിപക്ഷ നേതാവ് രഞ്ജിത്ത് മദ്ദുമ ബണ്ഡാര എന്നിവര്‍ ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ഒരു കാരണവുമില്ലാതെ സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിച്ചതിന് മഹിന്ദയെ അറസ്റ്റ് ചെയ്യണമെന്ന് സിരിസേന ആവശ്യപ്പെട്ടു.