കൊളംബോ: ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പൊതുഗതാഗതം ശക്‌തിപ്പെടുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ - ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് നാട്ടുകാര്‍ നേരിടുന്ന യാത്രാപ്രശ്‌നം ലഘൂകരിക്കാന്‍ പൊതുഗതാഗതം ഉടനെ പുനഃസംഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ബണ്ടുല ഗുണവര്‍ധന പറഞ്ഞു. സാധരണക്കാര്‍ക്ക് അവരുടെ ജീവിത നിര്‍ധാരണത്തിനായി ചെയ്യേണ്ടിവരുന്ന യാത്രകള്‍, വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കായുള്ള യാത്രകള്‍ എന്നിവയ്‌ക്കായിരിക്കും പ്രഥമ പരിഗണന.
ശ്രീലങ്കയുടെ പൊതുഗതാഗതത്തില്‍ റെയില്‍വെയ്‌ക്ക് നിര്‍ണായക പങ്കുണ്ട്. യാത്ര ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദേശ നാണ്യത്തിന്‍റെ അഭാവം മൂലം പെട്രോളിയം ഉത്പന്നങ്ങള്‍ വേണ്ടത്ര അളവില്‍ ഇറക്കുമതി ചെയ്യാന്‍ ശ്രീലങ്കയ്‌ക്ക് സാധിക്കുന്നില്ല. ഇത് വലിയ ഗതാഗത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.