കൊളംബോ :ശ്രീലങ്കയിൽ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയ്‌ക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ, ശ്രീലങ്ക-ഓസ്ട്രേലിയ മത്സരം നടക്കുന്ന ഗോൾ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച് പ്രക്ഷോഭകര്‍. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞു. ഇത് സംഘര്‍ഷത്തിനും കാരണമായി.
രാജപക്‌സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ സ്റ്റേഡിയത്തിലേക്ക് നടന്നടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാരിൽ ചിലർ സ്റ്റേഡിയത്തിന് പുറത്ത് നിലയുറപ്പിച്ചപ്പോൾ, മറ്റ് ചിലർ ഗോൾ ഫോർട്ടിലേക്ക് പോയി. ശ്രീലങ്കൻ പതാക പിടിച്ചും ഹെൽമറ്റ് ധരിച്ചുമാണ് പ്രതിഷേധക്കാൻ സ്റ്റേഡിയത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകർ ഉൾപ്പടെ 30 പേർക്ക് പരിക്കേറ്റു.
നേരത്തെ പ്രസിഡന്‍റിന്‍റെ വസതി കൈയടക്കിയ പ്രതിഷേധക്കാർ അടുക്കളയ്ക്കുള്ളിൽ കടന്ന് ഭക്ഷണം കഴിക്കുകയും സ്വിമ്മിങ് പൂൾ അടക്കം കൈയ്യേറുകയും ചെയ്‌തിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇതിനുമുൻപ് തന്നെ രാജപക്‌സെ വസതിയിൽ നിന്ന് മാറിയിരുന്നു.
അതേസമയം, പൂർണ ഹൃദയത്തോടെ ശ്രീലങ്കയ്‌ക്കൊപ്പം നൽക്കണമെന്ന് ഓസ്ട്രേലിയ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ലോകത്തോട് അഭ്യർഥിച്ചു. പേസ് ബൗളിംഗ് സ്റ്റാൾവാർട്ട് ശ്രീലങ്കയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ടുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു.
"ശ്രീലങ്ക ദശാബ്‌ദങ്ങളിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഞാൻ അടുത്തിടെ ശ്രീലങ്കയിൽ രണ്ട് പെൺകുട്ടികളുമായി സംസാരിക്കുകയും അവർ അനുഭവിക്കുന്നത് എന്തെന്ന് കൂടുതൽ അറിയുകയും ചെയ്‌തു" ശ്രീലങ്കയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന യുനിസെഫിന്‍റെ ഓസ്‌ട്രേലിയൻ അംബാസഡറായ കമ്മിൻസ് ട്വിറ്ററിൽ കുറിച്ചു.
Also Read: ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ, വസതി വിട്ട് തടിതപ്പി ഗോതബായ രാജപക്‌സെ
അതേസമയം, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 364 റണ്‍സില്‍ അവസാനിപ്പിച്ച ലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 184 റണ്‍സെന്ന മികച്ച സ്കോറിലാണ്. 84 റണ്‍സുമായി കുശാല്‍ മെന്‍ഡിസും ആറ് റണ്‍സോടെ എയ്ഞ്ചലോ മാത്യൂസുമാണ് ക്രീസില്‍. എട്ട് വിക്കറ്റ് ശേഷിക്കെ ഓസിസ് സ്കോറിനെക്കാള്‍ 180 റണ്‍സ് പിന്നിലാണിപ്പോള്‍ ശ്രീലങ്ക. ആറ് റൺസെടുത്ത ഓപ്പണർ പാതും നിസങ്ക, 86 റൺസെടുത്ത ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെയുടെയും വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്‌ടമായത്.
298-5 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഓസീസ് ആറ് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയന്‍ സ്‌പിന്നര്‍ പ്രഭാത് ജയസൂര്യയുടെ മികവിന് മുന്നില്‍ ഓസീസ് തകര്‍ന്നടിഞ്ഞു. 329-5 എന്ന മികച്ച നിലയില്‍ നിന്നാണ് അവസാന അഞ്ച് വിക്കറ്റുകള്‍ 35 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് നഷ്‌ടമായത്. ആദ്യ ദിനം സെഞ്ച്വറിയുമായി ക്രീസില്‍ നിന്ന സ്റ്റീവ് സ്‌മിത്ത് 145 റണ്‍സുമായി പുറത്താകാതെ നിന്നെങ്കിലും 28 റൺസ് അലക്‌സ് കാരി ഒഴികെ മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല.