കൊളംബോ: ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി ശ്രീലങ്കയിൽ രാമായണ തീർഥാടനം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ശ്രീലങ്കയുടെ പുതിയ ടൂറിസം ബ്രാൻഡ് അംബാസഡർ സനത് ജയസൂര്യ. ഇതിനായുള്ള ചർച്ചകൾക്കായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബാഗ്ലേയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി.
പ്രതിസന്ധിയിലായ രാജ്യത്തിന്‍റെ സാമ്പത്തിക വീണ്ടെടുക്കലിനായി വിനോദസഞ്ചാര മേഖലയെ ഉണർത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. രാഷ്‌ട്രീയ സാമ്പത്തിക അരാജകത്വം വേട്ടയാടുന്ന ശ്രീലങ്കയിൽ ടൂറിസം മേഖലയ്‌ക്ക് ഉണർവേകുന്നതിനായാണ് ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസത്തെ നിയമിച്ചത്.
2008 രാമായണ പൈതൃകത്തെ അടിസ്ഥാനമാക്കി സാംസ്‌കാരികവും മതപരവുമായ മൂല്യങ്ങൾ വർധിപ്പിക്കാൻ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ധാരണയിലെത്തിയിരുന്നു. ശ്രീലങ്കയിൽ രാമായണവുമായി ബന്ധപ്പെട്ടുള്ള തീർഥയാത്രക്കായി 52 സ്ഥലങ്ങളുണ്ട്. പ്രതിസന്ധിക്കിടയിലും മെയ് മാസത്തിൽ 5,562 ഇന്ത്യൻ വിനോദ സഞ്ചാരികൾ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്.
അതേസമയം ഇത് രണ്ടാം തവണയാണ് ജയസൂര്യയും ഗോപാൽ ബാഗ്ലേയും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്. ഏപ്രിലിൽ നടന്ന കൂടിക്കാഴ്‌ചയിൽ ശ്രീലങ്കയ്‌ക്ക് ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിന് ഇന്ത്യയുടെ സഹായം ജയസൂര്യ തേടിയിരുന്നു. അതേസമയം നാല് ബില്യൺ യുഎസ് ഡോളറിന്‍റെ സാമ്പത്തിക സഹായമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്ക് ഈ വർഷം നൽകുന്നത്.