കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായ കൊളംബോയിലെ ഗാല ഫേയിസിലേക്ക് തിങ്കളാഴ്‌ച(11.07.2022) സൈന്യം മാര്‍ച്ച് ചെയ്യുമെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയുടെ സംയുക്ത സൈനിക മേധാവി ഷവേനന്ദ്ര സില്‍വ. സമാധാനപൂര്‍ണമായി പ്രതിഷേധത്തിന് സൈന്യം വിഘാതം സൃഷ്‌ടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാല ഫേയിസിലേക്ക് സൈന്യം മാര്‍ച്ച് ചെയ്യുമെന്ന് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സൈന്യം ഇക്കാര്യത്തില്‍ വ്യക്‌തത വരുത്തിയത്.
ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്സെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 9നാണ് ഗാല ഫേയിസില്‍ പ്രതിഷേധം തുടങ്ങിയത്. വലിയ സാമ്പത്തിക പ്രതിസന്ധികാരണം ഇന്ധനങ്ങള്‍ക്കും മറ്റവശ്യസാധനങ്ങള്‍ക്കും ശ്രീലങ്കയില്‍ ക്ഷാമം നേരിടുകയാണ്. ശനിയാഴ്‌ച പ്രതിഷേധക്കാര്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി കൈയേറിയിരുന്നു. ഇപ്പോഴും അവിടെ നിന്ന് പ്രതിഷേധക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായിട്ടില്ല.
പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ സ്വകാര്യവസതിയിലേക്കും പ്രതിഷേധക്കാര്‍ ഇരച്ചു കയറിയിരുന്നു. വസതി തീയിടുകയും ചെയ്‌തു. ഗോതബായ എവിടെയാണ് ഉള്ളതിനെ പറ്റി വിവരമില്ല. ഗോതാബായയും റനില്‍ വിക്രമസിംഗെയും വരുന്ന ബുധനാഴ്‌ച രാജിവെക്കുമെന്ന് സ്പീക്കര്‍ മഹിന്ദ അബെവര്‍ധന പ്രസ്‌താവന നടത്തിയിരുന്നു. ഗോതാബായ രാജിവെച്ചാല്‍ മാത്രമെ പ്രസിഡന്‍റിന്‍റെ വസതിയില്‍ നിന്ന് പിന്‍മാറുകയുള്ളൂ എന്നാണ് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയത്.