കൊളംബോ: ശ്രീലങ്കയിൽ രാജ്യ വ്യാപകമായി കർഫ്യു ഏർപ്പെടുത്തി. പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ ഓഫിസിന് പുറത്ത് സർക്കാർ അനുകൂല ഗ്രൂപ്പുകളും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് കർഫ്യൂ ഏർപ്പെടുത്തിയത്. സംഘർഷത്തിൽ 23 പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് തലസ്ഥാനത്ത് സൈനികരെ വിന്യസിച്ചു.
1948ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക ഇപ്പോൾ വലിയൊരു സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. വിദേശ കറൻസിയുടെ അഭാവമാണ് പ്രതിസന്ധിക്ക് കാരണമായത്, അവശ്യവസ്‌തുക്കൾ ഇറക്കുമതി ചെയ്യാൻ സർക്കാരിന് പണമില്ലാതെ വന്നതോടെ ഏപ്രിൽ 9 മുതൽ ശ്രീലങ്കൻ ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി.