കൊളംബോ : കനത്ത പ്രക്ഷോഭം ഭയന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. ഇക്കഴിഞ്ഞ ജൂലൈയിൽ രാജ്യത്തുനിന്നും പുറത്തുകടന്ന അദ്ദേഹം ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 3) പുലർച്ചെ കൊളംബോയിലെത്തുകയായിരുന്നു. മുന്‍ പ്രസിഡന്‍റിന്‍റെ വസതിയിലാണ് അദ്ദേഹത്തിന് താമസമൊരുക്കിയത്. ശ്രീലങ്കയിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചതോടെ രാജ്യത്തുയര്‍ന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഗോതബായ വിദേശത്തേക്ക് കടന്നത്. പ്രകോപിതരായ ജനങ്ങള്‍ രാജപക്‌സെയുടെ ഓഫിസും വസതിയും ആക്രമിച്ചിരുന്നു. പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ജൂലൈ ഒന്‍പതിന് വന്‍ പ്രക്ഷോഭമാണ് കൊളംബോയിലുണ്ടായത്. തുടർന്ന്, ജൂലൈ 13 നാണ് അദ്ദേഹം രാജ്യത്തിന് പുറത്തുകടന്നത്.
മടക്കം രണ്ട് മാസത്തിനുശേഷം :മാലിദ്വീപുവഴി സിംഗപ്പൂരിലെത്തിയ ശേഷമാണ് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനം രാജിവച്ചത്. 14 ദിവസത്തെ സന്ദർശന പാസായിരുന്നു ഇവിടെ അദ്ദേഹത്തിന് അനുവദിച്ചിരുന്നത്. തുടര്‍ന്ന്, ഏതാനും ആഴ്‌ചകളായി തായ്‌ലൻഡിൽ ചെലവഴിച്ചു. ഈ രാജ്യത്തെത്തി ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് അദ്ദേഹം വീണ്ടും സ്വദേശത്തെത്തുന്നത്.
ഗോതബായ രാജപക്‌സെയെ ശ്രീലങ്കയിലെത്തിക്കാന്‍ നീക്കംനടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവിലെ ശ്രീലങ്കന്‍ പ്രസിഡന്‍റ്, റെനിൽ വിക്രമസിംഗെയാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നായിരുന്നു വാര്‍ത്ത. രാജപക്‌സെയുമായി ഫോണില്‍ ബന്ധപ്പെട്ട് ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും വിവരമുണ്ടായിരുന്നു.
ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന, നേതാവും ബന്ധുവുമായ ബേസിൽ രാജപക്‌സെ അടക്കമുള്ള നേതാക്കള്‍ വിക്രമസിംഗെയെ കാണുകയും മുൻ പ്രസിഡന്‍റിനെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് നടപടിയെന്ന് ശ്രീലങ്കന്‍ മാധ്യമം റിപ്പോർട്ട് ചെയ്യുകയുണ്ടായി.